അശ്വിനെ ചൊല്ലി ഇന്ത്യന്‍ ടീമില്‍ ഭിന്നത; ശാസ്ത്രിയും രഹാനെയും പറഞ്ഞതു കള്ളമെന്ന് കോഹ്‌ലി

single-img
8 September 2018

ഇംഗ്ലണ്ടിനെതിരായ പരമ്പര കൈവിട്ടതിന് ശേഷം ഏറ്റവും അധികം വിമര്‍ശനം ഏറ്റുവാങ്ങിയത് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു. അശ്വിന്റെ മോശം പ്രകടനമാണ് നാലാം ടെസ്റ്റ് തോല്‍ക്കാന്‍ കാരണമെന്ന് മുന്‍ താരങ്ങള്‍ അടക്കം ആരോപിച്ചിരുന്നു.

ഇംഗ്ലീഷ് സ്പിന്നര്‍ മൊയീന്‍ അലി കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകടനം താരതമ്യം ചെയ്താണ് അശ്വിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇതിനിടെ, ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍നിന്ന് അശ്വിനെ പുറത്തിരുത്തിയതോടെ ഇന്ത്യന്‍ ടീമിലും ഭിന്നതയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

അശ്വിനെ പുറത്തിരുത്തിയത് പരുക്കു വഷളായതുകൊണ്ടെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു. അശ്വിന് പരുക്കില്ലെന്ന പരിശീലകന്‍ രവി ശാസ്ത്രിയുടെയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും ആവര്‍ത്തിച്ചുള്ള ന്യായീകരണങ്ങള്‍ തള്ളുന്നതാണ് കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍.

സതാംപ്ടണില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അശ്വിന്റെ പ്രകടനത്തില്‍ പലപ്പോഴും പരുക്കിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക് ബെയര്‍ലി ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, മല്‍സരശേഷം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ പരിശീലകന്‍ രവി ശാസ്ത്രിയോടും അഞ്ചാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണാനെത്തിയ ഉപനായകന്‍ അജിങ്ക്യ രഹാനെയോടും അശ്വിന്റെ പരുക്കിനെക്കുറിച്ച് ചോദിച്ചെങ്കിലും ഇരുവരും അതു നിഷധിച്ചിരുന്നു.

എന്നാല്‍, ഇവരുടെ നിലപാട് തെറ്റാണെന്നു തെളിയിക്കുന്നതാണ് കോഹ്‌ലിയുടെ പ്രതികരണം. പിച്ചില്‍ നിന്നുള്ള ആനുകൂല്യം മുതലെടുക്കുന്നതില്‍ അശ്വിന്‍ പരാജയപ്പെട്ടുവെന്ന് നാലാം ടെസ്റ്റിനുശേഷം രവി ശാസ്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ടെസ്റ്റില്‍ അശ്വിന്‍ മനോഹരമായാണ് പന്തെറിഞ്ഞതും ഫീല്‍ഡ് ചെയ്തതെന്നുമാണ് അഞ്ചാം ടെസ്റ്റിന് മുമ്പ് രഹാനെ പറഞ്ഞത്. സതാംപ്ടണ്‍ ടെസ്റ്റിലെ മോശം പ്രകടനത്തിനുശേഷം അശ്വിനെ പിന്തുണച്ച് ചേതേശ്വര്‍ പൂജാരയും രംഗത്തെത്തിയിരുന്നു.