ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അമിത്ഷാ നയിക്കും

single-img
8 September 2018

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ തന്നെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനും തീരുമാനമായി.

ബിജെപി. അധ്യക്ഷ സ്ഥാനത്ത് അമിത് ഷായ്ക്ക് തുടരാന്‍ അവസരമൊരുക്കാനാണു സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇത്തരമൊരു തീരുമാനമെടുത്തതെന്നാണു വിവരം. 2019 ജനുവരി വരെയാണ് നിലവില്‍ ഷായുടെ പ്രവര്‍ത്തന കാലാവധി.

2014 ഓഗസ്റ്റില്‍ രാജ്‌നാഥ് സിങ് കേന്ദ്രമന്ത്രിയായതോടെയാണു പാര്‍ട്ടിയുടെ അമരത്ത് അമിത് ഷാ എത്തിയത്. 2016ല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരുമാണു യോഗത്തില്‍ പങ്കെടുക്കുന്നത്. ‘അജയ്യ ബിജെപി’ എന്ന മുദ്രാവാക്യം ഉയര്‍ത്തി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ യോഗം തീരുമാനിച്ചു

2014–ല്‍ നേടിയതിനേക്കാള്‍ മികച്ച ജയത്തോടെ 2019–ല്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് അമിത് ഷാ പറഞ്ഞു. പട്ടികജാതി വിഷയത്തില്‍ പ്രതിപക്ഷം തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്ന് അമിത്ഷാ ആരോപിച്ചു. പ്രതിപക്ഷത്തിന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.