വിമാനത്താവളങ്ങളില്‍ എം.ആര്‍.പി നിരക്കില്‍ ഭക്ഷണ സാധനങ്ങള്‍ നല്‍കാന്‍ ഉത്തരവ്

single-img
8 September 2018

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തൊണ്ണൂറിലധികം വിമാനത്താവളങ്ങളില്‍ എം.ആര്‍.പി നിരക്കില്‍ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവ് ഇറക്കി. ഭക്ഷണ സാധനങ്ങള്‍ നല്‍കുന്നതിനായി വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍ തുറക്കാനാണ് നിര്‍ദേശം.

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇതിനായുള്ള ടെന്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. കുപ്പിവെള്ളത്തിനും പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ക്കും എം.ആര്‍.പിയും ചായയും കാപ്പിയും 10 രൂപയ്ക്കും നല്‍കാനുമാണ് നിര്‍ദേശം.

വിമാനത്താവളത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് നിര്‍ദേശം. എന്നാല്‍ കൊച്ചി, ഡെല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്കായതിനാല്‍ ഈ വിമാനത്താവളങ്ങളില്‍ ഉത്തരവ് ബാധകമല്ല. ചെന്നൈ, ഷിംല, പുണെ വിമാനത്താവളങ്ങളില്‍ ഇപ്പോള്‍ തന്നെ ചുരുങ്ങിയ വിലയ്ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കാനുള്ള കൗണ്ടര്‍ തുറന്നു കഴിഞ്ഞു.