സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം അനിശ്ചിതത്വത്തില്‍; കേസ് ബുധനാഴ്ചത്തേക്ക് മാറ്റി; സ്‌പോട്ട് അഡ്മിഷന് മാറ്റമില്ലെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍

single-img
7 September 2018

സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി. കോളേജുകള്‍ ബുധനാഴ്ചയ്ക്കുള്ളില്‍ മറുപടിയും രേഖകളും സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.

പത്താം തീയതിക്കകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ കേസില്‍ വേഗം തീരുമാനമെടുക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. ഓരോ കോളേജുകളുടേയും സാഹചര്യം വ്യത്യസ്ഥമാണെന്ന് കോടതി ചൂട്ടിക്കാട്ടി. ഹൈക്കോടതി ഇതെല്ലാം ഒന്നിച്ചാണ് പരിഗണിച്ചതെന്ന് കോടതി പറഞ്ഞു.

തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം, പാലക്കാട് പി.കെ. ദാസ്, വര്‍ക്കല എസ്ആര്‍ കോളജുകള്‍ക്ക് നിലവാരമില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കണ്ടെത്തിരുന്നു. അതിനെതിരെ കോളേജുകള്‍ നല്‍കിയ ഹര്‍ജിയില്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാന്‍ ഹൈക്കോടതി അനുമതി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയ കോളേജുകള്‍ക്കാണ് വലിയ തിരിച്ചടിയുണ്ടായത്. ഈ രീതിയില്‍ പ്രവേശനത്തിന് അനുമതി നല്‍കാന്‍ ഹൈക്കോടതിക്ക് എങ്ങനെ സാധിക്കുമെന്ന് ചോദിച്ച സുപ്രീംകോടതി നാല് മെഡിക്കല്‍ കോളേജുകളുടെയും കേസ് അടിയന്തിരമായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, സ്‌പോട്ട് അഡ്മിഷന് മാറ്റമുണ്ടാകില്ലെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ വ്യക്തമാക്കി. മെഡിക്കല്‍ സ്‌പോട്ട് അഡ്മിഷന്‍ നാളെയും മറ്റന്നാളും നടക്കും. വിശദാംശങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കുമെന്നും സുധീര്‍ ബാബു പറഞ്ഞു. തിങ്കളാഴ്ചയ്ക്കകം പ്രവേശനം തീര്‍ക്കാനാണ് എംസിഐയുടെ നിര്‍ദ്ദേശം.