സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസ്; വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍ പിടിയില്‍

single-img
7 September 2018

മലപ്പുറം തിരൂര്‍ കുറ്റിപ്പാലയില്‍ സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുറ്റിപ്പാല ക്ലാരി മൂച്ചിക്കല്‍ സ്വദേശി അബ്ദുല്‍ നാസറിനെയാണ് തിരൂര്‍ സി.ഐ അറസ്റ്റു ചെയ്തത്.

യുവാവിന്റെ ആത്മഹത്യക്കുറിപ്പില്‍ തന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് രേഖപ്പെടുത്തിയിരുന്നു. അബ്ദുല്‍ നാസറിന്റെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ സഹീര്‍, കെട്ടിയിട്ട നിലയിലുള്ള ഷാജിദിന്റെ ഫോട്ടോയെടുക്കുകയും അബ്ദുല്‍ നാസര്‍ ഈ ഫോട്ടോ താന്‍ അഡ്മിനായുള്ള നിലപ്പറമ്പ് സൗഹൃദക്കൂട്ടായ്മ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ്‌ചെയ്ത് പ്രചരിപ്പിച്ചുവെന്നുമാണ് കേസ്.

നാസര്‍ ഈ കേസില്‍ ഒമ്പതാം പ്രതിയാണ്. നാസറിനെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യുവാവിന്റെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട സഹീര്‍, മൊയ്തീന്‍കുട്ടി, ഷെഹീം എന്നിവര്‍ മഞ്ചേരി ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

പ്രതികള്‍ ഒളിവില്‍ കഴിയുകയാണ്. രാത്രി സംശയാസ്പതമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചത്. കയറു കൊണ്ട് കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. ഒടുവില്‍ പൊലീസെത്തിയാണ് യുവാവിനെ മോചിപ്പിച്ചത്.