തെലങ്കാന: തിരഞ്ഞെടുപ്പ് തിയതിയെപ്പറ്റി ആരെങ്കിലും ജ്യോതിഷ പ്രവചനം നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ഞങ്ങള്‍ക്കു പങ്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

single-img
7 September 2018

ന്യൂഡല്‍ഹി: തെലങ്കാനയില്‍ എത്രയും പെട്ടന്നുതന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്. നിലവിലെ കാവല്‍ സര്‍ക്കാരിന് ആനുകൂല്യം ലഭിക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2002 ലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് നിയമസഭ പിരിച്ചുവിട്ടാല്‍ ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനൊപ്പം തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും ഒ.പി. റാവത്ത് വ്യക്തമാക്കി.

നിയമസഭ പിരിച്ചുവിട്ടാല്‍ എന്തുചെയ്യണമെന്ന് ജനപ്രാതിനിധ്യ നിയമത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളില്ല. എന്നാല്‍ 2002 ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം നിയമസഭ പിരിച്ചുവിടുന്ന സാഹചര്യമുണ്ടായാല്‍ സാധ്യമായ ഏറ്റവും അടുത്ത സമത്ത് തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.

‘നാലു സംസ്ഥാനങ്ങളുടെ കൂടെ തെലങ്കാനയിലും തിരഞ്ഞെടുപ്പ് നടത്തണോയെന്ന കാര്യം ഞങ്ങള്‍ പരിശോധിക്കും. ഇതിനിടെ തിരഞ്ഞെടുപ്പ് തിയതിയെപ്പറ്റി ആരെങ്കിലും ജ്യോതിഷ പ്രവചനം നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ഞങ്ങള്‍ക്കു പങ്കില്ല’. ആഘോഷങ്ങള്‍, പരീക്ഷകള്‍, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചേ അന്തിമ തീരുമാനമുണ്ടാകൂ.

അതേസമയം, നവംബറില്‍ മറ്റു നാലു സംസ്ഥാനങ്ങള്‍ക്കൊപ്പം തെലങ്കാന തിരഞ്ഞെടുപ്പിനു സാധ്യതയില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 2019 ജൂണ്‍ വരെയായിരുന്നു കെ.ചന്ദ്രശേഖര റാവു എന്ന കെസിആര്‍ സര്‍ക്കാരിന്റെ കാലാവധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങളില്‍ മുങ്ങിപ്പോകാതിരിക്കാനാണ് കെസിആര്‍ നിയമസഭ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.