പരാതികള്‍ പാര്‍ട്ടി രീതിയില്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം സിപിഎമ്മിനുണ്ടെന്ന് പികെ ശശി; തന്നെ മാദ്ധ്യമങ്ങള്‍ വേട്ടയാടുന്നു

single-img
7 September 2018

തനിക്കെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടി രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. താന്‍ തെറ്റായ വഴിയില്‍ സഞ്ചരിച്ചിട്ടില്ലെന്നും പാര്‍ട്ടിയില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തു പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്നെ അനാവശ്യമായി വേട്ടയാടുകയാണ്. പാര്‍ട്ടിയില്‍ ഒരു പരാതി കിട്ടിയാല്‍ അത് അന്വേഷിക്കാനുള്ള കരുത്ത് സിപിഎമ്മിനുണ്ട്. പാര്‍ട്ടി തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ ഏത് നടപടിയും നേരിടാന്‍ തയാറാണ്. അന്വേഷണം നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ചെര്‍പ്പുളശേരി ടൗണില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്യാനെത്തിയ പി.കെ. ശശിക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. തടയാനെത്തിയ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അതേസമയം ശശിക്കെതിരായ പരാതിയില്‍ നടപടി തുടങ്ങിയതായി സിപിഎം നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു.

തനിക്കു കിട്ടിയ പരാതി അപ്പോള്‍ തന്നെ സംസ്ഥാന നേതൃത്വത്തിനു കൈമാറി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു. ശശിക്കെതിരെ പരാതി ലഭിച്ചതായി ഇതാദ്യമായാണ് വൃന്ദ സ്ഥിരീകരിക്കുന്നത്.

സിപിഎം ദേശീയ നേതൃത്വത്തിനാണ് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് കൂടിയായ യുവതി ശശിക്കെതിരായ പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എന്നാല്‍ പൊലീസോ സംസ്ഥാന വനിതാ കമ്മീഷനോ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.