ബന്ദ് പ്രഖ്യാപിച്ചിട്ടും മോദി സര്‍ക്കാരിന് ഒരു കുലുക്കവുമില്ല: പെട്രോള്‍ ഡീസല്‍ വില ഇന്ന് കുത്തനെ കൂട്ടി

single-img
7 September 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഇന്ന് പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.30 രൂപയും ഡീസലിന് 77.18 രൂപയുമാണ് വില. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് അടുത്ത തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുകയാണ് പ്രതിപക്ഷം. അതിനിടയിലാണ് വീണ്ടും ഇന്ധനവില വര്‍ധിച്ചത്.

ഈ മാസം സംസ്ഥാനത്ത് പെട്രോളിന് 1.51 രൂപയും ഡീസലിന് 1.96 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാന്‍ കാരണമാകുന്നത്. കോഴിക്കോട്ട് പെട്രോളിന് 82.21 രൂപയും ഡീസലിന് 76.07 രൂപയുമാണ് വില.

കോട്ടയത്ത് പെട്രോളിന് 82.16 രൂപയും ഡീസലിന് 76.01 രൂപയുമാണ് വില. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 87.38 രൂപയും ഡീസലിന് 76.50 രൂപയുമാണ് വില. ഡല്‍ഹിയില്‍ പെട്രോള്‍ വില 79.99 ലെത്തി. ഡീസലിന് 72.07 രൂപയാണ് ഒരു ലിറ്ററിന്റെ വില.