കാര്‍ഗിലിലെ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി; ആകെ കിട്ടിയത് രണ്ടായിരത്തോളം വോട്ട് മാത്രം; ഒന്‍പതിടത്ത് കെട്ടിവെച്ച പണം നഷ്ടമായി

single-img
7 September 2018

കാര്‍ഗിലിലെ ലഡാക് ഓട്ടോണമസ് ഹില്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി. 30 അംഗ കൗണ്‍സിലില്‍ ഒരു സീറ്റില്‍ മാത്രമാണ് ബി.ജെ.പി ജയിച്ചത്. ബി.ജെ.പിയുടെ വര്‍ഗീയ, ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിനെതിരെ ജനം വിധിയെഴുതിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

30 അംഗ കൗണ്‍സിലിലേക്ക് 14 സ്ഥാനാര്‍ത്ഥികളാണ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചത്. ആറു സീറ്റുകളില്‍ സഖ്യമായി മത്സരിക്കുകയും ചെയ്തിരുന്നു. കൗണ്‍സിലിലെ നാലു സീറ്റുകള്‍ നോമിനേറ്റഡ് സീറ്റുകളുമാണ്. എന്നാല്‍ സന്‍സ്‌കാറിലെ ഛായില്‍ മാത്രമാണ് ബി.ജെ.പിയ്ക്ക് വിജയിക്കാനായത്.

ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച ഒമ്പതു സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത് നൂറില്‍ താഴെ വോട്ടുമാത്രമാണ്. ഇവര്‍ക്ക് കെട്ടിവെച്ച പണം നഷ്ടമാകും. 52,000 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 2100 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച ഏക സ്ഥാനാര്‍ത്ഥിയായ സ്റ്റാന്‍സിന്‍ ലാക്പയ്ക്ക് 522 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്.

എന്നാല്‍ വെറും30 വോട്ടുകള്‍ക്കു മാത്രമാണ് അദ്ദേഹത്തിന്റെ ജയം. പത്തുസീറ്റുകളില്‍ വിജയിച്ച നാഷണല്‍ കോണ്‍ഫറന്‍സാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എട്ടു സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്. പി.ഡി.പിക്കും ബി.ജെ.പിയെ പോലെ തിരിച്ചടി നേരിട്ടു. രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.