‘ഇന്ധന വിലവർധനയിലൂടെ മോദി സർക്കാർ നടത്തിയത് 11 ലക്ഷം കോടിയുടെ കൊള്ള’

single-img
7 September 2018

പെട്രോൾ ഡീസൽ വിലവർധനയിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കോൺഗ്രസ്. മോദി സർക്കാർ ഇന്ധന വിലവർധനയിലൂടെ 11 ലക്ഷം കോടിയുടെ കൊള്ളയാണു നടത്തിയത് എന്ന് കോൺഗ്രസ് മുഖ്യവക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തി. പെട്രോളിയം ഉത്പന്നങ്ങളുടെ കേന്ദ്ര എക്സൈസ് തീരുവയും സംസ്ഥാനങ്ങളിലെ അധികനികുതിയും ഉടൻ കുറയ്ക്കണം.

പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വിലവര്‍ധന ജനങ്ങള്‍ക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന്സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പെട്രോളിന്റെയും ഡീസലിന്റെയും വില ചരക്ക് സേവന നികുതി (ജി.എസ്.ടി) യുടെ പരിധിയിലാക്കണം. ഇന്ധന വിലവര്‍ധനമൂലം സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിയെന്നും സുര്‍ജേവാല പറഞ്ഞു.

അതേസമയം ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയാവും ബന്ദ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പരമാവധി ഒഴിവാക്കാനാണിത്.