തെലങ്കാന നിയമസഭ പിരിച്ചുവിട്ടു

single-img
6 September 2018

ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. നിയമസഭ പിരിച്ചുവിടാന്‍ യോഗത്തില്‍ പ്രമേയം പാസാക്കുകയായിരുന്നു.

ഇതോടെ സംസ്ഥാനത്ത് നേരത്തെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. കാലാവധി പൂര്‍ത്തിയാകാന്‍ എട്ട് മാസം ബാക്കി നില്‍ക്കെയാണ് മുഖ്യമന്ത്രി നിയമസഭ പിരിച്ച് വിടാന്‍ തീരുമാനമെടുത്തത്.

നിയമസഭ പിരിച്ചുവിടുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി എസ്.കെ. ജോഷി, സര്‍ക്കാരിന്റെ മുഖ്യോപദേഷ്ടാവ് രാജീവ് ശര്‍മ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. നര്‍സിങ് റാവു, നിയമസഭാ സെക്രട്ടറി നരസിംഹചാര്യുലു തുടങ്ങിയവര്‍ ബുധനാഴ്ച ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍, നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെടുപ്പിനാണ് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്.) പദ്ധതിയിടുന്നത്.

ഗവര്‍ണര്‍ സഭ പിരിച്ചുവിട്ടാല്‍ പന്ത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ കോര്‍ട്ടിലാകും. അനുകൂലതീരുമാനമാണ് ചന്ദ്രശേഖര്‍ റാവു പ്രതീക്ഷിക്കുന്നത്. നിയമസഭ പിരിച്ചുവിടുന്ന തിരുമാനത്തിന് മുമ്പായി റാവു ബുധനാഴ്ച സംസ്ഥാന ജീവനക്കാരുടെ അസോസിയേഷന്‍ നേതാക്കളെ കണ്ടു ചര്‍ച്ച നടത്തി. ജീവനക്കാര്‍ക്ക് തൃപ്തികരമായ രീതിയില്‍ ഇടക്കാലാശ്വാസം നല്‍കാന്‍ തീരുമാനിച്ചതായാണ് വിവരം.