വലിയ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ശേഷിയുള്ള ടീമാണെങ്കില്‍ അതു കളിച്ചു കാണിക്കണം; ഡ്രസിങ് റൂമിലിരുന്ന് വാചകമടിച്ചിട്ട് കാര്യമില്ല; രവിശാസ്ത്രിക്ക് മറുപടിയുമായി വീരേന്ദര്‍ സേവാഗ്

single-img
6 September 2018

ഇംഗ്ലണ്ടിനെതിരായ പരമ്പര തോറ്റതിന് പിന്നാലെ വിമര്‍ശനങ്ങളൂടെ കൂരമ്പുകളായിരുന്നു പരിശീലകന്‍ രവിശാസ്ത്രിക്ക് നേരെ ഉയര്‍ന്നത്. മുന്‍ നായകന്‍ സൗരവ് ഗാംഗുലി, സുനില്‍ ഗവാസ്‌കര്‍ തുടങ്ങി വലുതും ചെറുതുമായ ഒരുപിടി മുന്‍താരങ്ങള്‍ രവിശാസ്ത്രിക്കെതിരെ വാളോങ്ങിയിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്കൊക്കെ രവിശാസ്ത്രി മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ 10-20 വര്‍ഷത്തിനിടയ്ക്ക് വിദേശത്ത് ഇത്ര മികച്ച റെക്കോര്‍ഡുള്ള ടീം ഇന്ത്യക്കുണ്ടായിട്ടില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം നോക്കുക. ഒമ്പത് വിജയങ്ങള്‍ നാം നേടി, മൂന്ന് പരമ്പരകളും സ്വന്തമാക്കി ( വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നും ലങ്കയ്‌ക്കെതിരെ രണ്ടും) ഇത്രയും ചുരുങ്ങിയ കാലയളവില്‍ ഇതുപോലെ വിജയങ്ങള്‍ നേടിയ ടീം കഴിഞ്ഞ 10-25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കുണ്ടായിട്ടില്ലെന്നും രവിശാസ്ത്രി പറഞ്ഞു.

ഈ ടീമില്‍ പ്രതീക്ഷയുണ്ട്, എന്നാല്‍ മാനസികമായി കുറച്ച് കൂടി കരുത്താര്‍ജിക്കാനുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു. വിദേശത്ത് നാം തോറ്റ മത്സരങ്ങള്‍ നോക്കുക, വിജയത്തിന്റെ അടുത്ത് വരെ എത്തിയതാണ് പക്ഷേ അതുകൊണ്ട് മാത്രം ആയില്ല ജയിക്കുക തന്നെ വേണം, തെറ്റുകള്‍ തിരുത്തി മുന്നേറാനാണ് ഇനി ശ്രമിക്കുകയെന്നും രവി ശാസ്ത്രി എടുത്തുപറഞ്ഞു.

ഇതോടെയാണ് രവിശാസ്ത്രിക്കെതിരെ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ് രംഗത്തെത്തിയത്. വിദേശമണ്ണില്‍ വലിയ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ശേഷിയുള്ള ടീമാണെങ്കില്‍ അതു കളിച്ചു കാണിക്കണമെന്നും, ഡ്രസിങ് റൂമിലിരുന്ന് വാചകമടിച്ചിട്ട് കാര്യമില്ലെന്നും സേവാഗ് പറഞ്ഞു.

അങ്ങനെ ചെയ്യും, ഇങ്ങനെ ചെയ്യും എന്നൊക്കെ കരയ്ക്കിരുന്ന് എത്ര വേണമെങ്കിലും അവകാശവാദം ഉന്നയിക്കാം. എന്നാല്‍, കളത്തിലാണ് അതു കാണേണ്ടത്. കരയ്ക്കിരുന്ന് നമ്മള്‍ സംസാരിക്കുന്നതിനു പകരം കളത്തില്‍ ബാറ്റും ബോളുമാണ് ‘സംസാരിക്കേണ്ടത്’. അതില്ലെങ്കില്‍ വിദേശത്തു മികച്ച റെക്കോര്‍ഡൊന്നും നേടാന്‍ ഒരു ടീമിനുമാകില്ല- സേവാഗ് പറഞ്ഞു.

വിദേശത്തെ പ്രകടനത്തിന്റെ കാര്യത്തില്‍ സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്ന കാലത്തുനിന്ന് ഇന്ത്യയ്ക്ക് ഒട്ടും വളരാന്‍ സാധിച്ചിട്ടില്ലെന്നും സേവാഗ് അഭിപ്രായപ്പെട്ടു. വിദേശത്ത് ഒരു ടെസ്റ്റ് മല്‍സരമൊക്കെ ജയിക്കാനുള്ള വിരുത് ഗാംഗുലിയുടെ കാലത്തുതന്നെ നമ്മള്‍ സ്വന്തമാക്കിയതാണ്. അന്നും പക്ഷേ പരമ്പര നേടാന്‍ ഞങ്ങള്‍ക്കായിരുന്നില്ല. ആ പ്രശ്‌നം ഇന്നും അതുപോലെ തുടരുന്നു- സേവാഗ് ചൂണ്ടിക്കാട്ടി.

അന്ന് ബാറ്റ്‌സ്മാന്‍മാര്‍ക്ക് റണ്‍സ് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ ബോളര്‍മാര്‍ക്ക് ഒരു മല്‍സരത്തില്‍ 20 വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാത്തതായിരുന്നു പ്രശ്‌നം. ഇന്ന് ഇത് നേരെ തിരിഞ്ഞു. ബോളര്‍മാര്‍ ഒരു മല്‍സരത്തില്‍ 20 വിക്കറ്റ് വീഴ്ത്തുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ല -– സേവാഗ് പറഞ്ഞു.