സൗദി അറേബ്യയില്‍ സോഷ്യല്‍ മീഡിയയിലൂടെ ആക്ഷേപഹാസ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവുശിക്ഷ

single-img
6 September 2018

സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്ഷേപഹാസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സൗദി സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ആക്ഷേപഹാസ്യങ്ങള്‍ പൊതുസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നത് മുന്‍നിര്‍ത്തിയാണ് വിലക്ക്. ഉത്തരവ് പാലിക്കാത്തവര്‍ക്ക് അഞ്ചുവര്‍ഷം തടവാണ് നിയമം അനുശാസിക്കുന്നത്.

പെതുസമാധാനത്തിനും മതമൂല്യങ്ങള്‍ക്കും പൊതുധാര്‍മികതയ്ക്കും എതിരെ സോഷ്യല്‍ മീഡിയയിലൂടെ ആക്ഷേപഹാസ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം സൈബര്‍ കുറ്റകൃത്യമാണ്. ഇതിന് അഞ്ചുവര്‍ഷം തടവും മൂന്ന് മില്യണ്‍ റിയാലുമാണ് പിഴ.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാഷ്ട്രീയ എതിരാളികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എതിരെ പ്രവര്‍ത്തിക്കുകയാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം.

സൗദി അറേബ്യയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെയുള്ള പുതിയ നിയമത്തില്‍ ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ട്വിറ്റര്‍ പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ സൗദിയില്‍ നിലനിന്നിരുന്ന നിയമങ്ങള്‍ പ്രകാരം നിരവധി പൗരന്മാര്‍ കുറ്റാരോപിതരായിരുന്നു.