സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം: കേസ് സുപ്രീംകോടതി നാളത്തേക്ക് മാറ്റി

single-img
6 September 2018

കേരളത്തിലെ നാലു സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. പ്രവേശനത്തിനുള്ള സ്റ്റേ വെള്ളിയാഴ്ച വരെ തുടരും.

ഇന്ന് വാദം കേള്‍ക്കുന്ന അവസാനത്തെ കേസായാണ് മെഡിക്കല്‍ പ്രവേശന കേസ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ ഷെഡ്യൂല്‍ ചെയ്തിരുന്നത്. എന്നാല്‍, ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ച് ഉച്ചക്ക് ശേഷം വാദം കേള്‍ക്കാന്‍ ഇരിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ് കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റിയത്. ഡി.എം.വയനാട്, തൊടുപുഴ അല്‍ അസര്‍, പാലക്കാട് പി.കെ. ദാസ്, വര്‍ക്കല എസ്.ആര്‍ എന്നീ മെഡിക്കല്‍ കോളേജുകളിലെ 550 സീറ്റിലേക്കുള്ള പ്രവേശനമാണ് സുപ്രീം കോടതി ഇന്നലെ സ്‌റ്റേ ചെയ്തത്.

പ്രവേശന അനുമതി നല്‍കിയ ഹൈക്കോടതി നടപടി അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയത്. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നല്‍കിയിരുന്നു.

മെഡിക്കല്‍ കോളജുകള്‍ക്ക് നിലവാരമില്ലെന്നും മാനദണ്ഡങ്ങള്‍ പാലിക്കാത്തതു കൊണ്ടാണ് ഈ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി നിഷേധിച്ചതെന്നും ഹൈക്കോടതി നടപടി റദ്ദാക്കണമെന്നുമുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ ആവശ്യമാണ് സുപ്രീംകോടതി പരിഗണിച്ചത്.

നാലു സ്വാശ്രയ കോളജുകളിലെ 550 സീറ്റുകളിലേക്കാണ് ഹൈക്കോടതി പ്രവേശന അനുമതി നല്‍കിയത്. സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതുവരെ ഈ സീറ്റുകളില്‍ പ്രവേശനം നേടിയതിനു സാധുത ഇല്ലാതാവും. സുപ്രീംകോടതി ഇടപെടലോടെ സംസ്ഥാനത്ത് നടന്നുവരുന്ന സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവെക്കേണ്ട സ്ഥിതിയായി.