ഇന്ത്യയും അമേരിക്കയും നിര്‍ണായക കോംകാസ കരാര്‍ ഒപ്പിട്ടു

single-img
6 September 2018

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 2+2 ചര്‍ച്ചയുടെ ഭാഗമായി നിര്‍ണായകമായ സൈനിക ആശയ വിനിമയ സഹകരണ കരാര്‍ (കോംകോസ്)ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ സുരക്ഷിതമായി വിവരകൈമാറ്റം നടത്തുന്നതിനുള്ള കരാറിലാണ് ഒപ്പുവെച്ചത്.

ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ്, യു.സ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്കിള്‍ ആര്‍ പോംപെ, വിദേശകാര്യ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവര്‍ ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. റഷ്യയില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ അമേരിക്കന്‍ നിലപാട് മയപ്പെടാന്‍ കരാര്‍ കാരണമാവുമെന്നാണ് വിലയിരുത്തല്‍.

ഈ കരാറില്‍ ഒപ്പിടുന്നതോടെ ഇന്ത്യയ്ക്ക് യുഎസില്‍ നിന്ന് നിര്‍ണായകമായ പ്രതിരോധ സാങ്കേതിക വിദ്യയും ആയുധങ്ങളും ലഭ്യമാകും. ഇന്ത്യ യുഎസ് ബന്ധത്തില്‍ പുതുയുഗം പിറന്നെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ഇതിനോട് പ്രതികരിച്ചത്.

ഇന്ത്യയ്ക്ക് എന്‍എസ്ജി പ്രവേശനം ലഭിക്കുന്നതിനായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ദക്ഷിണേഷ്യ, ഇന്തോ പസഫിക്, തെക്കുകിഴന്‍ ഏഷ്യ തുടങ്ങിയ മേഖലയിലെ സ്ഥിരത നിലനിര്‍ത്തുന്നതു സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. ട്രംപിന്റെ അഫ്ഗാന്‍ നയം ഇന്ത്യ അംഗീകരിക്കും. ഭീകരവാദത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായി. 2019 ല്‍ ഇന്ത്യയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തും.

മാത്രമല്ല ഇന്ത്യയുടെ പ്രതിരോധ മന്ത്രിയുടെ ഓഫീസും യുഎസ് പ്രതിരോധ സെക്രട്ടറിയുടെ ഓഫീസും തമ്മില്‍ ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിക്കാനും തീരുമാനമായി. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകള്‍ക്കെതിരായ ആശങ്ക ഇരുരാജ്യങ്ങളും പങ്കുവെച്ചു.

സമാധാനം, പുരോഗതി, വികസനം എന്നിവയ്ക്കായി സാധ്യമാകുന്ന മേഖലകളിലെല്ലാം സഹകരിക്കുമെന്നാണ് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയത്. അഫ്ഗാനിസ്താന്റെ സമാധാനപൂര്‍ണമായ സുസ്ഥിര വികസനത്തിനോടുള്ള പ്രതിജ്ഞാബദ്ധത ഇരുരാജ്യങ്ങളും ആവര്‍ത്തിച്ചു.