എമിഷന്‍ സംവിധാനത്തില്‍ തകരാര്‍; ടിഗോറിന്റെ ഡീസല്‍ മോഡല്‍ കാറുകള്‍ കമ്പനി തിരിച്ച് വിളിക്കുന്നു

single-img
5 September 2018

എമിഷന്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടിഗോര്‍ ഡീസല്‍ മോഡലുകളെ തിരിച്ചുവിളിക്കുന്നതായി ടാറ്റ മോട്ടോര്‍സ് പ്രഖ്യാപിച്ചത്. 2017 മാര്‍ച്ച് ആറിനും ഡിസംബര്‍ ഒന്നിനുമിടയില്‍ നിര്‍മ്മിച്ച ടിഗോര്‍ ഡീസല്‍ കാറുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ ഒരുവിധത്തിലും യാത്രക്കാരുടെ സുരക്ഷയെ ഈ തകരാര്‍ ബാധിക്കില്ലെന്ന് ടാറ്റ വ്യക്തമാക്കി. തിരിച്ചുവിളിച്ചിരിക്കുന്ന മോഡലുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വരുംദിവസങ്ങളില്‍ പ്രശ്‌ന സാധ്യതയുള്ള ടിഗോര്‍ ഉടമകളെ കമ്പനി ഡീലര്‍മാര്‍ നേരിട്ടു ബന്ധപ്പെടും.

കമ്പനിയുടെ വെബ്‌സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് തിരിച്ചുവിളിച്ച കാറുകളുടെ കൂട്ടത്തില്‍ തങ്ങളുടെ കാറുമുണ്ടോയെന്ന് ഉടമകള്‍ക് പരിശോധിക്കാം. സൗജന്യമായി തന്നെ ടിഗോര്‍ ഡീസല്‍ മോഡലുകളിലെ തകരാര്‍ പരിഹരിച്ചു നല്‍കുമെന്ന് ടാറ്റ മോട്ടോര്‍സ് അറിയിച്ചു.

നേരത്തെ ഹോണ്ടയും ടൊയോട്ടയും ഫോര്‍ഡും മാരുതിയും ഇന്ത്യയില്‍ മോഡലുകളെ തിരിച്ചുവിളിച്ചിരുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ എല്ലാ വാഹന നിര്‍മ്മാതാക്കളും കൂടി തിരിച്ചുവിളിച്ച മോഡലുകളുടെ എണ്ണം ഒന്നരലക്ഷത്തിലധികമാണ്.