സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസവാർത്ത

single-img
5 September 2018

സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ചുമത്താന്‍ ആലോചനയില്ലെന്ന് ധനമന്ത്രാലയം. ഇതുസംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ശൂറാ കൗണ്‍സില്‍ സാമ്പത്തികകാര്യ സമിതി സമര്‍പ്പിച്ചതായി കഴിഞ്ഞദിവസം ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അടുത്ത ബുധനാഴ്ച ചേരുന്ന ശൂറാ കൗണ്‍സില്‍ ഇത് ചര്‍ച്ച ചെയ്യുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

എന്നാല്‍, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പണം അയക്കുന്നത് നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു. വിദേശത്തേക്ക് പണം അയയ്ക്കുന്നതിന് നികുതിയോ അധികഫീസോ ചുമത്തില്ല. വിദേശ നിക്ഷേപകര്‍ക്ക് അനുയോജ്യമായ സമ്പദ്ഘടന വളര്‍ത്താനാണ് രാജ്യം ശ്രമിക്കുന്നത്.

പണം അയക്കുന്നതിന് വിദേശികളോട് ധനകാര്യസ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന സര്‍വീസ് ചാര്‍ജിന്റെ അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി മാത്രമാണ് ഈടാക്കുന്നത് -മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയിലുള്ള 95 ലക്ഷം വിദേശികള്‍ കഴിഞ്ഞ വര്‍ഷം 3800 കോടി ഡോളര്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചു എന്നാണ് കേന്ദ്രബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സിയുടെ റിപ്പോര്‍ട്ട്.