മോദിയുടെ കടുത്ത വിമര്‍ശകനായ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് അറസ്റ്റില്‍

single-img
5 September 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റേയും കടുത്ത വിമര്‍ശകനായ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് അറസ്റ്റില്‍. 1998 ലെ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയെ പരിഹസിച്ച് സഞ്ജീവ് ഭട്ട് ട്വീറ്റ് ചെയ്തിരുന്നു.

ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഗുജറാത്ത് സിഐഡിയാണ് സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അഭിഭാഷകനെ ക്രിമിനല്‍ കേസില്‍ കുടുക്കിയെന്ന പത്ത് വര്‍ഷം പഴക്കമുള്ള കേസിലാണ് നടപടി.

രണ്ട് പൊലീസ് ഓഫീസര്‍മാരടക്കം ആറുപേര്‍ കൂടി അദ്ദേഹത്തിനൊപ്പം അറസ്റ്റിലായിട്ടുണ്ട്. 1997ല്‍ ഡിസിപിയായിരുന്നപ്പോള്‍ ബസ്‌കന്ദയില്‍ അഭിഭാഷകനെതിരെ വ്യാജ നാര്‍കോട്ടിക് കേസ് ചമച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ കേസ്. 2015ല്‍ ഭട്ടിനെ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.

അഭിഭാഷകനായ സുമേര്‍സിങ് രാജ്പുരോഹിത് നല്‍കിയ പരാതിയിലാണ് കോടതി ഇടപെട്ട് നടപടിക്ക് നിര്‍ദേശിച്ചത്. കേസില്‍ സിഐഡി പ്രത്യേക അന്വേഷണ സംഘത്തെയും ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.