ഇന്ധനവില കുതിച്ചുയരുമ്പോഴും എക്‌സൈസ് തീരുവ കുറക്കില്ലെന്ന നിലപാടില്‍ മോദി സര്‍ക്കാര്‍

single-img
5 September 2018

ജനങ്ങളെ അതിരൂക്ഷമായ ജീവിത ദുരിതത്തിലേക്ക് തള്ളിവിട്ട് ഇന്ധനവില അനുദിനം കുതിക്കുമ്പോഴും കേന്ദ്ര സര്‍ക്കാരിന് ഒരു കുലുക്കവുമില്ല. ഇന്ധനവില ഇനിയും കൂടിയാലും എക്‌സൈസ് തീരുവ കുറക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. റവന്യു വരുമാനം കുറയാനിടയാക്കുന്ന നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

നേരത്തെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞപ്പോളും എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. പെട്രോള്‍ ലിറ്ററിന് 12 രൂപയും ഡീസല്‍ ലിറ്ററിന് 14 രൂപയും തീരുവ കൂട്ടി. നാലുവര്‍ഷം 3,92,057 കോടി രൂപയാണ് ഈയിനത്തില്‍ ജനങ്ങളില്‍നിന്ന് അധികമായി പിടിച്ചെടുത്തത്.

ഇക്കൊല്ലം 1,69,250 കോടി രൂപയുടെ അധികവരുമാനവും പ്രതീക്ഷിക്കുന്നു. അങ്ങനെ അഞ്ചുവര്‍ഷത്തില്‍ 5,61,307 കോടി രൂപയാണ് പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവയില്‍നിന്ന് അധികവരുമാനമായി കേന്ദ്രത്തിന് ലഭിക്കുക. ഈ വരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.

അതേസമയം ഇന്ധന വിലവര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. മറ്റുപാര്‍ട്ടികളുമായി ചേര്‍ന്നാവും പ്രക്ഷോഭം. രാജ്യത്ത് സാമ്പത്തിക ഭീകരവാദത്തിനാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

പര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായും സംസ്ഥാന ഘടകങ്ങളുമായും ആലോചിച്ചശേഷം സെപ്റ്റംബര്‍ ആറിന് പ്രക്ഷോഭത്തിന്റെ തീയതി പ്രഖ്യാപിക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍വില ലിറ്ററിന് അഞ്ചുരൂപയും ഡീസല്‍വില മൂന്നുരൂപയും വര്‍ധിപ്പിച്ചതിനെ ബി.ജെ.പി വക്താവ് സാമ്പത്തിക ഭീകരവാദമെന്ന് വിശേഷിപ്പിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

ഇന്ന് അസംസ്‌കൃത എണ്ണവില ബാരലിന് 70 ഡോളറിനടുത്ത് നില്‍ക്കുമ്പോള്‍ 78 രൂപയാണ് ഡല്‍ഹിയില്‍ ഒരുലിറ്റര്‍ പെട്രോളിന്റെ വില. ഇത് സാമ്പത്തിക ഭീകരവാദമല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭമുണ്ടാവും.

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില കണക്കിലെടുത്താല്‍ പെട്രോള്‍ വില എല്ലാ നികുതികളും ഉള്‍പ്പടെ ലിറ്ററിന് 39 രൂപയും ഡീസലിന് 37.50 രൂപയുമാണ് ആവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാകാത്തപക്ഷം കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രക്ഷോഭവുമായി നിരത്തിലിറങ്ങും. ഇതുസംബന്ധിച്ച യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.