ലാലേട്ടന്‍ ഒടുവില്‍ മൗനംവെടിഞ്ഞു; ബിജെപി സ്ഥാനാര്‍ത്ഥിയാവുമോയെന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി

single-img
5 September 2018

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയായി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ആര്‍.എസ്.എസ് നീക്കം നടത്തുന്നതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ വിജയം ഉറപ്പുള്ള ഒരു സ്ഥാനാര്‍ഥിയായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ആര്‍.എസ്.എസ് നീക്കമെന്നും, തെരഞ്ഞെടുപ്പിനു മുന്നോടിയായി മോഹന്‍ലാലിന് സാമൂഹ്യപ്രതിച്ഛായ നല്‍കുന്നതിനാണ് ആര്‍.എസ്.എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം ഇതേകുറിച്ച് വ്യക്തത വരുത്താനും തയ്യാറായില്ല. ഇതോടെ മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളാണ് ഉയര്‍ന്നു വന്നത്. ലാല്‍ ഇതേക്കുറിച്ച് പരസ്യ പ്രതികരണത്തിന് തയ്യാറാകാതിരുന്നതോടെ താരത്തിനെതിരെ ട്രോളുകളും വന്നിരുന്നു.

ഒടുവില്‍ ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് താരം തന്നെ മനസ്സ് തുറന്നിരിക്കുകയാണ്. താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരത്തു ലോക്‌സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് താന്‍ അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. മുന്‍പു മറ്റു പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇതുപോലെ പലതും പുറത്തുവന്നിട്ടുണ്ടെന്നും താനിപ്പോള്‍ ജോലി ചെയ്യുകയാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

കടപ്പാട്: മനോരമ