സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്‌ഐ നേതാവിനെ പുറത്താക്കി

single-img
5 September 2018

വനിതാ സഹപ്രവര്‍ത്തകയോടു മോശമായി പെരുമാറിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ആര്‍.എല്‍. ജീവലാലിനെ സിപിഎമ്മില്‍ നിന്നു പുറത്താക്കി. ഇരിങ്ങാലക്കുട ലോക്കല്‍ കമ്മിറ്റി അംഗമാണ് ജീവലാല്‍. സിപിഎമ്മിലെയും യുവജന സംഘടന ഡിവൈഎഫ്‌ഐയിലെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഇയാളെ നീക്കിയതായി പാര്‍ട്ടി അറിയിച്ചു.

തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണു യുവതി നല്‍കിയ പരാതി. സംഭവത്തില്‍ കാട്ടൂര്‍ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കല്‍ പ്രവേശനത്തിനു സഹായിക്കാമെന്ന് പറഞ്ഞ് യുവതിയുടെ കൂടെപോയ ജീവലാല്‍ സ്ത്രീത്വത്തെ അപമാനിക്കും വിധംപെരുമാറിയെന്നാണു വനിതാ പ്രവര്‍ത്തകയുടെ പരാതി.

ഡിവൈഎഫ്‌ഐയുടെ സജീവപ്രവര്‍ത്തകയായ പരാതിക്കാരി ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇതിനുശേഷമാണു യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റമാണ് ജീവലാലിനെതിരെ ചുമത്തിയിട്ടുള്ളത്.