പ്രളയബാധിത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ നാളെ തുടങ്ങുന്ന ബിരുദ പരീക്ഷ എഴുതേണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാല

single-img
4 September 2018

നാളെ തുടങ്ങുന്ന ബിരുദ പരീക്ഷ പ്രളയബാധിത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ എഴുതേണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാല. ഇവര്‍ക്ക് പ്രത്യേകം പരീക്ഷ പിന്നീട് നടത്തും. വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ വില്ലേജ് ഓഫീസര്‍ വഴി അപേക്ഷ സമര്‍പ്പിക്കണമെന്നും സര്‍വകലാശാല അറിയിച്ചു.

അതേസമയം, കേരള സര്‍വകലാശാല സെപ്തംബര്‍ 4 മുതല്‍ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പ്രളയബാധിത മേഖലയിലുള്ള വിദ്യാര്‍ത്ഥികളില്‍ പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്. ഈ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് പരീക്ഷകള്‍ മാറ്റിവച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു.