ടീമില്‍ നിന്ന് മൂന്ന് താരങ്ങളെ പുറത്താക്കണം: പൊട്ടിത്തെറിച്ച് സുനില്‍ ഗവാസ്‌ക്കര്‍

single-img
4 September 2018

ഇംഗ്ലണ്ടിനെതിരെ പരമ്പര കൈവിട്ട ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍. ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി ആവശ്യമാണെന്ന് പറഞ്ഞ ഗവാസ്‌ക്കര്‍ നിലവിലെ ടീമില്‍ രണ്ടോമൂന്നോ താരങ്ങള്‍ക്ക് സ്ഥാനം പോലും അര്‍ഹിക്കുന്നില്ലെന്ന് തുറന്നടിച്ചു.

അവരെ പ്ലേയിംഗ് ഇലവനില്‍ നിന്നും മാത്രമല്ല ടീം സ്‌ക്വാഡില്‍ നിന്നും തന്നെ പുറത്താക്കണമെന്നും ഗവാസ്‌ക്കര്‍ ആവശ്യപ്പെടുന്നു. ഹര്‍ദിക് പാണ്ഡ്യയെ ഓള്‍റൗണ്ടര്‍ എന്ന് വിളിക്കാനാവില്ലെന്നും ഗവാസ്‌ക്കര്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യന്‍ ടീം വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ അമിതമായി ആശ്രയിക്കുകയാണെന്നും എക്കാലവും അയാള്‍ക്ക് ഇന്ത്യന്‍ ടീമിനെ ഒറ്റയ്ക്കു താങ്ങാന്‍ കഴിയില്ലെന്നും ഗവാസ്‌കര്‍ ഓര്‍മിപ്പിച്ചു.

നിങ്ങള്‍ അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം കളിക്കുന്നു. എന്നിട്ടും ഒരു ബാറ്റ്‌സ്മാനെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ സംജാതമാകുന്നു. കോഹ്‌ലി സെഞ്ചുറികള്‍ നേടിത്തരും. പക്ഷേ, എല്ലാ തവണയും അദ്ദേഹത്തിന് അതു ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. അദ്ദേഹവും മനുഷ്യനാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ 60 റണ്‍സിനാണു തോല്‍വി വഴങ്ങിയത്. 245 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 184 റണ്‍സിന് എല്ലാവരും പുറത്തായി. കോഹ്‌ലി (58), രഹാനെ (51) എന്നിവര്‍ക്കു മാത്രമാണ് ഇന്ത്യയ്ക്കായി രണ്ടാം ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞത്. നാലു ടെസ്റ്റുകളില്‍ നിന്ന് 68 റണ്‍സ് ശരാശരിയില്‍ 544 റണ്‍സ് നേടിയ കോഹ്‌ലിയാണ് പരമ്പരയില്‍ നിലവിലെ ടോപ്പ് സ്‌കോറര്‍.