തുടര്‍ച്ചയായ പത്താം ദിനവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്; സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം കൂട്ടാനുള്ള മികച്ച അവസരമാണെന്ന് ബിജെപി എംപിയുടെ വിചിത്ര ന്യായീകരണം

single-img
4 September 2018

സംസ്ഥാനത്ത് തുടര്‍ച്ചയായ പത്താം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്. പെട്രോളിനു 16 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഡീസലിന് 4 രൂപ 60 പൈസയും പെട്രോളിന് 6 രൂപ 35 പൈസയും ആണ് വര്‍ധിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82 രൂപ ഏഴ് പെസയും ഡീസല്‍ ലിറ്ററിന് 76 രൂപ നാല് പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 81.30, ഡീസലിന് 76.40, കോഴിക്കോട് പെട്രോള്‍ 82 രൂപ, ഡീസല്‍ 76 രൂപ എന്നിങ്ങനെയാണ് വിലനിലവാരം. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രൂപയുടെ മൂല്യത്തിന് കുറവ് സംഭവിക്കുന്ന സാഹചര്യത്തില്‍ ഇന്ധന വിലവര്‍ദ്ധനവ് പൊതുജനങ്ങള്‍ക്കുള്ള ഇരുട്ടടിയാകുകയാണ്.

അതേസമയം ഇന്ധന വില കുതിച്ചുയരുന്നത് സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വരുമാനം കൂട്ടാനുള്ള മികച്ച അവസരമാണെന്ന് ബിജെപി പാര്‍ലമെന്റംഗം നളിന്‍ കോഹ്‌ലി. പെട്രോളിന്റെയും ഡീസലിന്റെയും വില റെക്കോര്‍ഡ് വര്‍ദ്ധനവിലെത്തിയതില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രതിരോധത്തിലായ ഘട്ടത്തിലാണ് എംപിയുടെ വിചിത്ര ന്യായീകരണം.

ഇന്ധന വില വര്‍ദ്ധനക്ക് കാരണം ആഗോള സമ്പദ് വ്യവസ്ഥയിലും ക്രൂഡ് ഓയില്‍ വിപണിയിലും സംഭവിക്കുന്ന കാര്യങ്ങളാണ്. എങ്കിലും സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുവര്‍ണ്ണാവസരമാണിതെന്ന കാര്യം മറക്കരുതെന്നാണ് എംപി നളിന്‍ കോഹ്ലിയുടെ വാദം.