സ്‌ട്രെയ്‌റ്റെന്‍ ചെയ്ത ശേഷം അമിതമായ മുടി കൊഴിച്ചില്‍; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

single-img
4 September 2018

മുടിയിലെ ചുരുള്‍ നിവര്‍ത്തലിനെ (സ്‌ട്രെയിറ്റനിംഗ്) തുടര്‍ന്നുണ്ടായ മുടികൊഴിച്ചിലില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കുടക് സ്വദേശിനിയും മൈസൂരിലെ സ്വകാര്യ കോളേജിലെ ബി.ബി.എ വിദ്യാര്‍ത്ഥിനിയുമായ നേഹ ഗംഗമ്മയാണ് (19) പുഴയില്‍ ചാടി ജീവനൊടുക്കിയത്.

സൗന്ദര്യകാര്യത്തില്‍ ഏറെ ശ്രദ്ധയുണ്ടായിരുന്ന നേഹ കഴിഞ്ഞ മാസം 21ന് മൈസൂരുവിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍വച്ച് മുടി സ്‌ട്രൈറ്റന്‍ ചെയ്തതിനെ തുടര്‍ന്ന് അമിതമായി മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നതായി മാതാപിതാക്കളെ അറിയിച്ചിരുന്നു. അലര്‍ജിയെത്തുടര്‍ന്ന് ദേഹത്ത് പാടുകളും വന്നു.

ബന്ധുക്കളോടും അടുത്ത സുഹൃത്തുകളോടും ഇക്കാര്യം നേഹ പറഞ്ഞിരുന്നു. വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് മഡിക്കെരിയില്‍ വീട്ടില്‍ നിന്ന് ഒരാഴ്ച മുമ്പ് പെണ്‍കുട്ടി കോളേജിലേക്ക് പോയി. ബുധനാഴ്ച രാവിലെ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയ ശേഷം കാണാതാവുകയായിരുന്നു.

ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരുടെ പിഴവാണ് മകളെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. പരാതിയില്‍ പാര്‍ലര്‍ ഉടമക്കെതിരെ പൊലീസ് കേസെടുത്തു. സ്‌ട്രെയിറ്റിനിംഗ് ചെയ്യാന്‍ ഉപയോഗിച്ച രാസവസ്തുവാണ് മുടി കൊഴിച്ചിലിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.