രൂപ സെഞ്ചുറി അടിക്കും; അപ്പോള്‍ ഒരു ഡോളറിന് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടും: മോദിക്കെതിരെ ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു

single-img
4 September 2018

കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. രാജ്യത്ത് പെട്രോള്‍ വില 100 രൂപയില്‍ എത്താന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

അതുപോലെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇനിയും കുത്തനെ ഇടിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് എന്ത് സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കിലും അത് എന്‍.ഡി.എ സര്‍ക്കാരിന്റെ കേമത്തം കൊണ്ടല്ല. രാജ്യത്തിന്റെ ശക്തികൊണ്ടാണ്.

മറ്റേതെങ്കിലും സര്‍ക്കാരായിരുന്നു രാജ്യം ഭരിച്ചിരുന്നതെങ്കില്‍ ഇതിലും മെച്ചപ്പെട്ട രീതിയില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സാമ്പത്തികരംഗം തകര്‍ച്ച നേരിടുകയാണെന്നും രാജ്യത്ത് സാമ്പത്തിക അച്ചടക്കമില്ലെന്നും നായിഡു ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തേയും നായിഡു വിര്‍ശിച്ചു. എന്‍.ഡി.എ സഖ്യകക്ഷിയായിരുന്ന വേളയില്‍ നോട്ട് നിരോധനത്തെ പ്രകീര്‍ത്തിച്ച ആളാണ് ചന്ദ്രബാബു നായിഡു.

നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ രൂപം കൊടുത്ത കമ്മറ്റിയുടെ കണ്‍വീനറും അദ്ദേഹമായിരുന്നു. നോട്ട് നിരോധനം കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് മനസിലാകുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം. നോട്ട് നിരോധനം കൊണ്ട് ജനങ്ങള്‍ എറെ വലഞ്ഞു. ഇപ്പോള്‍ പോലും ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച് കൂടുതല്‍ 200, 100 രൂപ നോട്ടുകള്‍ അച്ചടിക്കാനായിരുന്നു താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ നേരെ വിപരീതമാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇനിയെങ്കിലും വലിയ നോട്ടുകള്‍ പിന്‍വലിച്ച് ചെറിയ നോട്ടുകള്‍ കൂടുതലായി ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.