മോദി സര്‍ക്കാരിനെതിരെ ജനരോഷം ഇരമ്പുന്നു

single-img
4 September 2018

ജനങ്ങളെ അതിരൂക്ഷമായ ജീവിത ദുരിതത്തിലേക്ക് തള്ളിവിട്ട് ഇന്ധനവില അനുദിനം കുതിക്കുമ്പോഴും കേന്ദ്ര സര്‍ക്കാരിന് ഒരു കുലുക്കവുമില്ല. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതും, ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതുമാണ് ഇന്ധന വിലക്കയറ്റത്തിനു കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

ഇതല്ലാതെ, വിലക്കയറ്റത്തില്‍ നടുവൊടിയുന്നവര്‍ക്ക് സമാശ്വാസം പകരുന്ന നടപടികളൊന്നുമില്ല. ഇന്ധന വില കുറഞ്ഞുനിന്ന കാലത്ത് പല തവണയായി വര്‍ധിപ്പിച്ച എക്‌സൈസ് തീരുവയില്‍ ഒരു ഭാഗം കുറക്കാന്‍ പോലും കേന്ദ്രം ഒരുക്കമല്ല. പ്രധാനമന്ത്രിയുള്‍പ്പെടെ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. ഇതോടെ മോദി സര്‍ക്കാരിനെതിരെ ജനരോഷം ഇരമ്പുകയാണ്.

അതിനിടെ പെട്രോള്‍ ലിറ്ററിന് 48 രൂപയില്‍ കൂടുതല്‍ എത്ര തുക ഈടാക്കുന്നതും ചൂഷണമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി തന്നെ രംഗത്ത് വന്നു. കഴിഞ്ഞ ദിവസം പാചക വാതക സിലിണ്ടറിനും എണ്ണക്കമ്പനികള്‍ വിലക്കൂട്ടിയിരുന്നു.

തിങ്കളാഴ്ച പെട്രോള്‍ വില 31 പൈസ വര്‍ധിച്ച് ഡല്‍ഹിയില്‍ ലിറ്ററിന് 79.15 രൂപയായി. ഡീസലിന് 39 പൈസ കൂടി 71.15 രൂപയിലെത്തി. മൂല്യവര്‍ധിത നികുതിയായ വാറ്റ് ഏറ്റവും കുറവുള്ള ഡല്‍ഹിയിലാണ് രാജ്യത്ത് ഇന്ധന വില ഏറ്റവും കുറവ്. മുംബൈയില്‍ തിങ്കളാഴ്ച പെട്രോളിന് 86.56 രൂപയും ഡീസലിന് 75.54 രൂപയുമായി.

വിലയുടെ കാര്യത്തില്‍ പെട്രോളിനോട് മത്സരിക്കുകയാണ് ഡീസല്‍. പെട്രോളും ഡീസലും തമ്മില്‍ വിലയില്‍ ഉണ്ടായിരുന്ന അന്തരം കൂടുതല്‍ നേര്‍ത്തു. രണ്ടും തമ്മിലുള്ള അന്തരം ഇപ്പോള്‍ ശരാശരി എട്ടു രൂപ മാത്രം. 2018 ജനുവരി ഒന്നിന് പെട്രോളിനെക്കാള്‍ 10.27 രൂപ കുറവായിരുന്നു ഡീസലിന്.

രണ്ടാഴ്ചക്കിടയില്‍ പെട്രോളിന് ലിറ്ററിന്മേല്‍ വര്‍ധിച്ചത് രണ്ടു രൂപയാണ്. ഡീസലിനാകെട്ട, 2.42 രൂപ കൂടി. ഡീസലിന് തിങ്കളാഴ്ച 39 പൈസ വര്‍ധിച്ചത് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനവാണ്. പെട്രോളിനും ഡീസലിനും ദിനേന വില മാറുന്ന സമ്പ്രദായം വഴി 2017 ജൂണിനു ശേഷം ഇത്രത്തോളം ഒറ്റയടിക്ക് കൂടിയിട്ടില്ല.

അതിനിടെ ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനും നീക്കമുണ്ട്. ഇത് സാമ്പത്തിക മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. രൂപയുടെ വിലയിടിയുമ്പോള്‍ വിദേശനാണ്യ കരുതല്‍ശേഖരം സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ തുടരാന്‍ റിസര്‍വ്ബാങ്ക് കൂടുതല്‍ പണം കണ്ടെത്തേണ്ടിവരും.

ഇതിനായി റിപ്പോനിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാനാണ് തയ്യാറെടുക്കുന്നതെന്ന് എസ്ബിഐയുടെ ഗവേഷണ റിപ്പോര്‍ട്ടായ ‘എക്കോറാപ്’ നിരീക്ഷിക്കുന്നു. റിപ്പോനിരക്കുകള്‍ വീണ്ടും ഉയര്‍ന്നാല്‍ എല്ലാ വായ്പകളുടെയും പലിശനിരക്ക് ഇനിയും വര്‍ധിപ്പിക്കും.