പികെ ശശിക്കെതിരായ പീഡന പരാതി പൊലീസിനെ അറിയിക്കേണ്ട വിഷയമല്ല; പാര്‍ട്ടിയുടേതായ രീതിയില്‍ പരിഹരിക്കുമെന്ന് കോടിയേരി

single-img
4 September 2018

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പീഡന പരാതി മൂന്നാഴ്ച്ച മുമ്പ് പാര്‍ട്ടിക്ക് ലഭിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചു. പരാതിയില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നടപടികളുമായി മുന്നോട്ട് പോവുകയാണ്.

ഏതെങ്കിലും തരത്തില്‍ തെറ്റ് ചെയ്തിട്ടുള്ളവര്‍ സംരക്ഷിക്കപ്പെടില്ല എന്നും കോടിയേരി പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നടപടിക്രമങ്ങള്‍ നടന്നു വരികയാണ്. എന്നാല്‍ അതെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും പൊലീസിന് പരാതി കൈമാറേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും കോടിയേരി പറഞ്ഞു.

പൊലീസ് നടപടിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ പരാതി പൊലീസിനായിരുന്നു നല്‍കേണ്ടിയിരുന്നത്. മൂന്നാഴ്ച മുമ്പ് പാര്‍ട്ടി നടപടികളുമായി മുന്നോട്ടു പോകുന്ന വിഷയത്തെക്കുറിച്ച് ഇപ്പോഴാണല്ലോ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ലഭിച്ചതെന്നും കോടിയേരി പരിഹസിച്ചു.

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ എകെജി സെന്ററില്‍ തിരക്കിട്ട കൂടിക്കാഴ്ചകളാണ് നടന്നത്. ഡിവൈഎഫ്‌ഐ ഭാരവാഹികളായ എം സ്വരാജ്, എഎന്‍ ഷംസീര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. പിബി അംഗം എഎ ബേബി, സെക്രട്ടറിയേറ്റംഗങ്ങളായ എകെ ബാലന്‍, കെഎന്‍ ബാലഗോപാല്‍, കെജെ തോമസ് എന്നിവരും എകെജി സെന്ററിലെത്തിയിരുന്നു.

പരാതിയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു എകെ ബാലന്റെ പ്രതികരണം. ഒരു വനിത അംഗം ഉള്‍പ്പെടുന്ന രണ്ടംഗ സെക്രട്ടറിയേറ്റിനാണ് പീഡന പരാതിയെക്കുറിച്ച് അന്വേഷിക്കാനുള്ള പാര്‍ട്ടിച്ചുമതല. നിലവില്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റംഗമായ പികെ ശശിയെ ഘടകത്തില്‍ നിന്നും ഒഴിവാക്കിയേക്കും.