സ്ത്രീ പീഡനക്കേസില്‍ പാര്‍ട്ടി കോടതിയല്ല തീര്‍പ്പുകല്‍പ്പിക്കേണ്ടതെന്ന് കെ.സുരേന്ദ്രന്‍; പി.കെ ശശി എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് ഡീന്‍ കുര്യാക്കോസ്

single-img
4 September 2018

സ്ത്രീ പീഡനക്കേസില്‍ പാര്‍ട്ടി കോടതിയല്ല തീര്‍പ്പുകല്‍പ്പിക്കേണ്ടതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ആ പരാതി പൊലീസിന് കൈമാറിയില്ലെന്ന് ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണവിധേയന്‍ ഒരു എം. എല്‍. എയാണ്. പരാതിക്കാരി ഒരു വനിതാ നേതാവും. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം, ലൈംഗിക പീഡന വിഷയത്തില്‍ ആരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച എം.എല്‍.എ രാജിവെക്കണം. ഡി.വൈ.എഫ്.ഐ ഇരയോടൊപ്പമാണോ, പീഡകനൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

കാരണം പാര്‍ട്ടിയോടല്ല കാണിക്കേണ്ടത്. ബൃന്ദാ കാരാട്ട് ഈ കേസ്സ് പൊലീസിനായിരുന്നു കൈമാറേണ്ടിയിരുന്നത്. സി. പി. എം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്.

ആഗസ്ത് 14 ന് ഇതുസംബന്ധിച്ച പരാതി തനിക്ക് ലഭിച്ചിട്ടും ബൃന്ദാ കാരാട്ട് അനങ്ങിയില്ല. പാര്‍ട്ടി കോടതിയല്ല സ്ത്രീപീഡനകേസ്സില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത്. ആരോപണവിധേയന്‍ ഒരു എം.എല്‍.എയാണ്. പരാതിക്കാരി ഒരു വനിതാ നേതാവും. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്നത് പാര്‍ട്ടി നടപടി നിങ്ങളുടെ ആഭ്യന്തരകാര്യം. അത് നിങ്ങള്‍ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യ്. തനിക്ക് പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ആ പരാതി പൊലീസിന് കൈമാറിയില്ലെന്ന് ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണം.