ആഘോഷങ്ങള്‍ വേണ്ട; ഒരു വര്‍ഷത്തേക്ക് കലോത്സവവും ചലച്ചിത്രമേളയും സര്‍ക്കാര്‍ ഒഴിവാക്കി

single-img
4 September 2018

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര ചലച്ചിത്രോത്സവം ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ കീഴിലുള്ള കലോത്സവങ്ങളും യുവജനോത്സവങ്ങളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

വലിയ ചെലവ് വരുന്ന ആഘോഷങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഒരു വര്‍ഷത്തേക്ക് ഇത്തരം ആഘോഷങ്ങള്‍ക്ക് പണം മുടക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേക്ക് ഈ പണം വകയിരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ വകുപ്പുകളോടും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌കൂള്‍ കലോത്സവം നടക്കേണ്ട ആലപ്പുഴ ജില്ലയില്‍ പലയിടത്തും ഇപ്പോഴും വെള്ളം ഇറങ്ങാത്ത സ്ഥിതിയുണ്ട്. കുട്ടനാട് മേഖലയിലെ പല സ്‌കൂളുകളിലും നിലവില്‍ ക്ലാസുകള്‍ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.

ഓണത്തിന് മുന്‍പും നിരവധി അധ്യായന ദിവസങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ കലോത്സവത്തിന് വേണ്ടി കൂടി അധ്യായന ദിവസങ്ങള്‍ നഷ്ടമാകുന്നത് ഒഴിവാക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.