റെയിൽവേ തീവണ്ടികൾ റദ്ദാക്കുന്നു; കാരണം ലോക്കോ പൈലറ്റുമാരില്ല!

single-img
3 September 2018

തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരില്ലാത്തതു കാരണം തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചർ തീവണ്ടികൾ തിങ്കളാഴ്ച ഓടില്ല. ഗുരുവായൂർ-തൃശ്ശൂർ, പുനലൂർ-കൊല്ലം, ഗുരുവായൂർ-പുനലൂർ, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചർ തീവണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്.

തൃശ്ശൂർ-കോഴിക്കോട് പാസഞ്ചർ ഭാഗികമായി റദ്ദാക്കി ലോക്കോ പൈലറ്റുമാരുടെ തസ്തികകളിൽ ഏറെക്കാലമായി ഒഴിവുകളുണ്ട്. പ്രളയബാധിതപ്രദേശങ്ങളിൽ താമസിച്ചിരുന്ന 20ഓളം ലോക്കോ പൈലറ്റുമാർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇതോടെ ലോക്കോപൈലറ്റുമാരുടെ ക്ഷാമം രൂക്ഷമായി.

തിരുവനന്തപുരം ഡിവിഷനിൽ 525 ലോക്കോ പൈലറ്റുമാരുടെ തസ്തികകളാണുള്ളത്. ഇതിൽ 420 പേർ മാത്രമാണുള്ളത്. പത്തുപേർ സ്വയംവിരമിക്കലിനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. അതിരൂക്ഷമായ ആൾക്ഷാമത്തിനിടെ പ്രളയം കാരണം ജീവനക്കാർ അവധിയിൽ പോകുകയും ചെയ്തതോടെ തീവണ്ടികൾ റദ്ദാക്കാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു.