നവകേരള നിര്‍മാണത്തില്‍ കെ.പി.എം.ജിയുമായി മുന്നോട്ട് പോകും;പ്രതിപക്ഷനേതാവിന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ല:ഇ.പി.ജയരാജൻ

single-img
3 September 2018

തിരുവനന്തപുരം: കേരളത്തിന്‍റെ പുനർനിർമ്മാണത്തിന് നെതർലൻഡ് ആസ്ഥാനമായ കൺസൾട്ടൻസി കെപിഎംജിയുമായി സഹകരിക്കുമെന്ന് ഇ.പി.ജയരാജൻ . കൺസൾട്ടൻസി വിവിധ രാജ്യങ്ങളില്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവിന്‍റെ കത്ത് ലഭിച്ചിട്ടുണ്ട്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്‍റെ കത്ത്. പ്രതിപക്ഷനേതാവിന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.

അതേസമയം, കുട്ടനാട്ടില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമില്ലെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. പ്രളയദുരന്ത നിവാരണ ബാധിതര്‍ക്കുള്ള കിറ്റ് വിതരണം ഈ ആഴ്ച്ച പൂര്‍ത്തിയാക്കും.
36,762 കിറ്റുകളാണ് ഇനി വിതരണം ചെയ്യാനുള്ളത്. പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം തുടങ്ങിയെന്നും ജയരാജന്‍ പറഞ്ഞു.

നേരത്തെ കെപിഎംജി യെ കുറിച്ച് അന്വേഷിക്കണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളിൽ ഈ കമ്പനി വിവാദങ്ങളിൽ ഉൾപ്പെട്ടതായും സുധീരൻ ചൂണ്ടിക്കാണിച്ചിരുന്നു.

ആഗസ്റ്റ് 30 ലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള പുനര്‍നിര്‍മ്മാണത്തില്‍ കണ്‍സള്‍ട്ടന്റ് പാര്‍ട്ടണറാകാന്‍ കെ.പി.എം.ജി തയ്യാറാണെന്ന് അവര്‍ അറിയിച്ചതായി പറഞ്ഞത്. സൗജന്യമായി സേവനം നല്‍കാന്‍ കെ.പി.എം.ജി സന്നദ്ധത അറിയിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.