എലിപ്പനി മരണങ്ങൾ തുടരുന്നു;സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം

single-img
3 September 2018

തിരുവനന്തപുരം ∙ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർ കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയ രഞ്ജു, കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി അനില്‍ കുമാർ(54), വടകര സ്വദേശിനി നാരായണി(80), തൊടുപുഴ ഒളമറ്റം സ്വദേശി ജോസഫ് മാത്യു(58), കല്ലായ് അശ്വനി ഹൗസില്‍ രവി(59) എന്നിവരാണ് ഇന്നു മരിച്ചത്.

ഇതോടെ നാലു ദിവസത്തിനിടെ എലിപ്പനി ബാധയിൽ മരിച്ചവരുടെ എണ്ണം 35 ആയി.

പ്രളയ ദുരന്തത്തിന് ശേഷം ശുചീകരണ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടു നിന്നയാളാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ച അനില്‍കുമാര്‍. കഴിഞ്ഞ ദിവസമാണ് പനിമൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പനിബാധിതര്‍ കൂടുതലുള്ള കോഴിക്കോട്ട് നിലവില്‍ 85 പേരാണ് എലിപ്പനി ബാധിച്ച്‌ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. 195 പേര്‍ രോഗലക്ഷണവുമായി ചികിത്സയിലുണ്ട്. കോഴിക്കോട്ട് പനിബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി കെ.കെ.ഷൈലജ ആരോഗ്യവകുപ്പ് അധികൃതരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.