കുട്ടനാട് പാടശേഖരങ്ങളിലെ പമ്പിംഗ് വൈകുന്നതില്‍ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍;തടസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് തോമസ് ഐസക്

single-img
3 September 2018

ആലപ്പുഴ: കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിലെ വീഴ്ചയില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരേ ഒളിയമ്പുമായി മന്ത്രി ജി. സുധാകരന്‍. പമ്പിംഗ് തുടങ്ങാന്‍ ഇത്രയും കാത്തിരിക്കേണ്ടതുണ്ടോ. കരാറുകാര്‍ക്ക് പണം കൊടുക്കുന്ന അധികൃതര്‍ ഇക്കാര്യം ചിന്തിക്കേണ്ടതാണെന്നും സുധാകരന്‍ പറഞ്ഞു.സാഹചര്യം മുതലെടുത്ത് ചിലര്‍ സര്‍ക്കാരിനോട് വില പേശുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ധനമന്ത്രിയെ വേദിയിലിരുത്തിയാണ് സുധാകരന്റെ വിമര്‍ശനം.

പമ്പിംഗിലെ തടസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കുടിവെള്ളം കിട്ടിയില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി മറുപടി പറയേണ്ടി വരുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.മാറിത്താമസിക്കുന്നവർക്കു വീടുകളിലേക്കു മടങ്ങാൻ ഒരാഴ്ചയ്ക്കുള്ളില്‍ സാഹചര്യമൊരുക്കും. വെള്ളം വറ്റിക്കാൻ ഒരാഴ്ചയെടുക്കും. രണ്ടായിരത്തോളം പമ്പുകൾ വെള്ളത്തിലാണ്. പാടശേഖര സമിതികൾക്കു മോട്ടോറുകൾ നന്നാക്കാൻ 20,000 രൂപ വീതം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.