നവകേരള നിര്‍മ്മിതിക്കായി സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സള്‍ട്ടന്‍സിക്കെതിരെ പ്രതിപക്ഷം;കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ചെന്നിത്തല

single-img
3 September 2018

തിരുവനന്തപുരം: നവകേരള നിര്‍മ്മിതിക്കായി സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സള്‍ട്ടന്‍സിക്കെതിരെ പ്രതിപക്ഷം. കെപിഎംജിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്‍സള്‍ട്ടന്‍സിയായി കെപിഎംജിയെ നിയമിച്ച നടപടി സര്‍ക്കാര്‍ പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.സാങ്കേതിക സഹായം നല്‍കാമെന്ന നെതര്‍ലന്‍ഡ്സിന്റെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയദുരന്തം കൈകാര്യം ചെയ്യുന്നതിലും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും നെതര്‍ലന്‍ഡ്സ് മികവ് തെളിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള, നല്ല ട്രാക്ക് റെക്കാഡും സുതാര്യമായ പ്രവര്‍ത്തന ശൈലിയും മനുഷ്യവിഭവ ശേഷിയുമുള്ള ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും സേവനം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്തണം. എന്നാല്‍ കെ.പി.എം.ജി എന്ന സ്ഥാപനം അമേരിക്ക, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ അന്വേഷണം നേരിടുന്നുണ്ട്. ബ്രിട്ടനിലെ ഒരു പൊതുമേഖലാ കോണ്‍ട്രാക്ടറുടെ അക്കൗണ്ടുകള്‍ക്ക് ഓഡിറ്റിംഗ് അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ടും ടെഡ് ബേക്കര്‍ എന്ന വസ്ത്രറീട്ടെയില്‍ സ്ഥാപനത്തില്‍ നടന്ന ഓഡിറ്റ് ക്രമക്കേടുകളെ തുടര്‍ന്നും ഈ കമ്പനി ബ്രിട്ടനില്‍ നടപടികള്‍ നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാതെ കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പിക്കരുതെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

അന്തര്‍ദേശീയതലത്തിലും കെ.പി.എം.ജി വിവിധ ക്രമക്കേടുകളുടെ പേരില്‍ അന്വേഷണം നേരിടുന്നുണ്ട്. ഇക്കണോമിസ്റ്റ് മാസികയിലെ റിപ്പോര്‍ട്ട് പ്രകാരം വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് നടത്തിയതുമൂലം പലര രീതിയിലുള്ള അന്വേഷണങ്ങള്‍ നേരിടുന്ന കമ്പനിയാണ് കെ.പി.എം.ജി. ഓഡിറ്റിങില്‍ നടത്തിയെന്ന് പറയുന്ന കൃത്രിമത്വമാണ് കമ്പനിയെ വിവിധ രാജ്യങ്ങളില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്.