2990 കോടി രൂപ ചെലവിലുള്ള സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ അവസാനവട്ട മിനുക്കുപണികളില്‍;അവസാനവട്ട മിനുക്കുപണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് നൂറുകണക്കിന് ചൈനക്കാരും

single-img
3 September 2018

അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ രൂപത്തില്‍ നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഐക്യപ്രതിമയുടെ പണികള്‍ അവസാന ഘട്ടത്തില്‍. പ്രതിമ അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും.

നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്‌സമീപമുള്ള സാധുബേട് ദ്വീപിലാണ് ഐക്യപ്രതിമ സ്ഥാപിക്കുന്നത്. 2013ല്‍ നിര്‍മ്മാണം ആരംഭിച്ച വെങ്കലപ്രതിമയുടെ അവസാനവട്ട മിനുക്കുപണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് രണ്ടായിരത്തിഅഞ്ഞൂറോളം തൊഴിലാളികളാണ്. ഇവരില്‍ ചൈനയില്‍ നിന്നുള്ള നൂറുകണക്കിന് ജോലിക്കാരും ഉള്‍പ്പെടുന്നു.

എന്നാല്‍, ഏറ്റവും വലിയ പ്രതിമയെന്ന വിശേഷണം ഈ സ്മാരകത്തിന് അധികനാള്‍ ഉണ്ടാവില്ലെന്നാണ് സൂചന. ഛത്രപതി ശിവജിയുടേതായി മുംബൈയില്‍ സ്ഥാപിക്കാനൊരുങ്ങുന്ന പ്രതിമ ഉയരത്തില്‍ പട്ടേല്‍ സ്മാരകത്തെയും മറികടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

182 മീറ്റര്‍ ഉയരമുള്ള ഐക്യപ്രതിമ അഹമ്മദാബാദിന് വിനോദസഞ്ചാര മേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നുതരുമെന്നാണ് പ്രതീക്ഷ. ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചതായിരുന്നു 2990 കോടി രൂപ ചെലവിലുള്ള പ്രതിമ നിര്‍മ്മാണം.