അറസ്റ്റ് വേണ്ടെന്ന് പൊലീസിലെ ഉന്നതര്‍;ജലന്ധര്‍ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് നിര്‍ദേശം

single-img
3 September 2018

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വൈക്കം ഡിവൈഎസ്പി കോട്ടയം എസ്പിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച്ച. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എസ്പിയെ അറിയിച്ചു. അതേസമയം ഇന്ന് വൈകുന്നേരം കൊച്ചിയിലെത്താന്‍ എസ്പിക്കും ഡിവൈഎസ്പിക്കും നിര്‍ദ്ദേശം ലഭിച്ചു. കേസില്‍ മേല്‍നോട്ട ചുമതലയുള്ള ഐജി വിജയ് സാക്കറെയുടേതാണ് നിര്‍ദേശം.

 

അതിനിടെ കന്യാസ്ത്രീ നല്‍കിയ പീഡന കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നല്‍കും. ഒരാഴ്ചയ്ക്കുള്ളില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നായിരിക്കും നോട്ടീസില്‍ ആവശ്യപ്പെടുക. ഉടന്‍ തന്നെ പഞ്ചാബ് പൊലീസ് മുഖാന്തരം ബിഷപ്പിന് നോട്ടീസ് നല്‍കും.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞിട്ടും അറസ്റ്റ് വേണ്ടെന്ന് പൊലീസിലെ ഉന്നതര്‍ അന്വേഷണസംഘത്തെ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എന്നാല്‍ കന്യാസ്ത്രീ മൊഴിയില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് അന്വേഷണസംഘം. അന്തിമ റിപ്പോര്‍ട്ട് പത്തിന് സമര്‍പ്പിക്കും. അറസ്റ്റിന് അനുമതിയില്ലെങ്കില്‍ അന്വേഷണച്ചുമതല ഒഴിയാനും ആലോചനയുണ്ട്.

ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ തന്നെ ബിഷപ്പിനെതിരായ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. 2014 -16 കാലഘട്ടത്തില്‍ നാടുകുന്നിലെ മഠത്തില്‍ വെച്ച് 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ മൊഴി. ബിഷപ്പ് മഠത്തില്‍ തങ്ങിയതിന് സന്ദര്‍ശക രജിസ്റ്റര്‍ തെളിവാണ്. വൈദ്യ പരിശോധന റിപ്പോര്‍ട്ടും മഠത്തിലെ മറ്റു കന്യാസ്ത്രീകളുടെ മൊഴിയുമാണ് ബിഷപ്പിനെതിരായുള്ള മറ്റു തെളിവുകള്‍.ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം ഓടിക്കുന്ന ഡ്രൈവറുടെ മൊഴിയും തെളിവുകളുടെ പട്ടികയില്‍ ഉള്‍പ്പെടും. കന്യാസ്ത്രീയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.