വേണം എന്ന് വിചാരിച്ചതല്ല, പറ്റിപ്പോയതാ, ചോരക്കുഞ്ഞിനെ ക‍ഴുത്തറുത്തുകൊന്ന അമ്മയുടെ വാക്കുകള്‍ കേട്ട് മരവിച്ച്‌ പൊലീസ്

single-img
3 September 2018

ബാലുശേരി : നാടിനെ നടുക്കിയ സംഭവത്തിനാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബാലുശേരി സാക്ഷിയായത്. ജനിച്ച് മിനിട്ടുകൾക്കുള്ളിൽ നവജാത ശിശുവിനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്നത് ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. നാടിനെ നടുക്കിയ ക്രൂരതയിൽ ബാലുശ്ശേരി നിർമ്മല്ലൂർ പാറമുക്ക് വലിയമലക്കുഴി കോളനിയിലെ റിൻഷ (22) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മൂലം റിന്‍ഷ രണ്ടര വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടയിലാണ് റിന്‍ഷ ഗര്‍ഭിണിയായത്.

ഇന്നലെ പുലര്‍ച്ചെ നിര്‍മല്ലൂര്‍ പാറമുക്ക് വലിയമലക്കുഴി കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ ഇവരുടെ വീട്ടില്‍ നിന്നും റിന്‍ഷയുടെ നിലവിളിയും തുടര്‍ന്ന് കുഞ്ഞിന്റെ കരച്ചിലും കേട്ടിരുന്നു. കുറച്ച് സമയത്തിന് ശേഷം കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതെയായി. നാട്ടുകാരെത്തി ആദ്യം കാര്യം അന്വേഷിച്ചപ്പോള്‍ വാതില്‍ തുറക്കാന്‍ വീട്ടുകാര്‍ തയാറായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്ത് വരുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതി കുഞ്ഞിനെ ഉടന്‍ കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രക്തം വാര്‍ന്നാണ് നവജാത ശിശു മരിച്ചത്.

നാട്ടുകാരുമായി കുടുംബത്തിന് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. തീര്‍ത്തും ദരിദ്രാവസ്ഥയിലായ കുടുംബത്തിന് അടുത്തുള്ളവര്‍ പതിവായി നല്‍കിയിരുന്ന സഹായവും നിര്‍ത്തിയിരുന്നു.

‘ഒറ്റയ്ക്കാ സാറേ കുടുംബം നോക്കിയിരുന്നത്. ഒരിടത്തും പിടിച്ചുനില്‍ക്കാനായില്ല. അതിനിടയില്‍ പറ്റിയതാണ്. കൊല്ലണമെന്നുണ്ടായിരുന്നില്ല.

എന്നാല്‍ കുഞ്ഞിന് ചിലപ്പോ ഒരുനേരത്തെ ആഹാരം പോലും കൊടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചത്’. റിന്‍ഷയിപ്പോള്‍ കോ‍ഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്

നിലവിലെ സാഹചര്യത്തില്‍ റിന്‍ഷയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അറസ്റ്റിലായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ മജിസ്‌ട്രേട്ട് അവിടെയെത്തി റിമാന്‍ഡ് ചെയ്തു. സിഐ കെ. സുഷീറാണു കേസ് അന്വേഷിക്കുന്നത്.