ഭാര്യമാരില്‍നിന്ന് പീഡനം ഏല്‍ക്കേണ്ടി വരുന്ന പുരുഷന്മാര്‍ക്ക് ‘പുരുഷ കമ്മീഷന്‍’ വേണമെന്ന് ബി.ജെ.പി എം.പിമാര്‍

single-img
2 September 2018

ഭാര്യമാരുടെ ക്രൂരതയ്ക്ക് ഇരയാകുന്ന ഭര്‍ത്താക്കന്മാര്‍ക്കായി പുരുഷ് ആയോഗ് വേണമെന്ന ആവശ്യവുമായി ബി.ജെ.പി എംപിമാര്‍. ഉത്തര്‍ പ്രദേശിലെ ഘോസിയില്‍ നിന്നുള്ള ലോകസഭാംഗമായ ഹരിനാരായണ്‍ രാജ്ബാര്‍ ഉത്തര്‍ പ്രദേശിലെ തന്നെ ഹര്‍ദോയിയില്‍ നിന്നുള്ള എം.പിയായ അന്‍ഷൂല്‍ വര്‍മ്മ എന്നിവരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

‘പുരുഷ് ആയോഗ്’ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഇരുവരും ഈ ആവശ്യം ഉന്നയിച്ചത്. ഇതേ വിഷയം പാര്‍ലമെന്റിലും ഉന്നയിച്ചിട്ടുണ്ടെന്നും സമ്മേളനത്തില്‍ ഇവര്‍ വ്യക്തമാക്കി. ഭാര്യമാരില്‍നിന്നു കൊടും പീഡനമേല്‍ക്കുന്ന പുരുഷന്‍മാരുടെ എണ്ണം വളരെയധികമാണ്.

കോടതികള്‍ക്കു മുന്‍പില്‍ പോലും ഇത്തരം കേസുകള്‍ കൂടുതലായി എത്തുന്നുണ്ട്. സ്ത്രീകള്‍ക്കു നീതി ഉറപ്പാക്കാന്‍ നിയമങ്ങളും മറ്റു സംവിധാനങ്ങളുമുണ്ട്. എന്നാല്‍, പുരുഷന്‍മാരുടെ കാര്യത്തില്‍ ഇതില്ല. ദേശീയ വനിതാ കമ്മീഷന്റെ മാതൃകയില്‍ പുരുഷന്‍മാര്‍ക്കായും ഒരു വേദി വേണം, യോഗത്തില്‍ സംസാരിക്കവെ രാജ്ബര്‍ ആവശ്യപ്പെട്ടു.

്‌ഐ.പി.സി സെക്ഷന്‍ 498 എ ഭേദഗതി ചെയ്യണം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, സ്ത്രീധന പീഡനം, എന്നിവ ചെറുക്കാനുള്ളതാണ് ഈ നിയമം. എന്നാല്‍ പലരും ഇത് ചൂഷണം ചെയ്യുകയാണ്. സെക്ഷന്‍ 498എ ഇപ്പോള്‍ പുരുഷന്‍മാര്‍ക്കെതിരെ ഉപയോഗിക്കുന്ന ഒരു ആയുധമായി മാറിയിരികുകയാണ്.

1998 മുതല്‍ 2015 വരെ 27 ലക്ഷം ആളുകളെ ഈ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അന്‍ഷൂല്‍ വര്‍മ്മ ചൂണ്ടിക്കാട്ടി. സമത്വത്തിനു വേണ്ടിയാണു തങ്ങള്‍ വാദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കേസുകളില്‍ പുരുഷന്‍മാര്‍ക്കും നിയമത്തിന്റെ പരിരക്ഷ കിട്ടിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള കമ്മീഷന്‍ ആവശ്യമില്ലെന്നാണ് കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറയുന്നത്.