അച്ചടക്കത്തെ ഇപ്പോള്‍ ‘ഏകാധിപത്യ പ്രവണത’യായാണ് പലരും കാണുന്നതെന്ന് പ്രധാനമന്ത്രി

single-img
2 September 2018

ന്യൂഡല്‍ഹി: അച്ചടക്കം ആവശ്യപ്പെടുന്നത് ഇന്നത്തെ കാലത്ത് ഏകാധിപത്യമായി മുദ്രകുത്തപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യസഭാ അധ്യക്ഷനായി ഒരു വര്‍ഷം പിന്നിട്ടതിന്റെ അനുഭവങ്ങളാണ് ‘മൂവിങ് ഓണ്‍ മൂവിങ് ഫോര്‍വേഡ്: എ ഇയര്‍ ഇന്‍ ഓഫിസ്’ എന്നു പേരിട്ട പുസ്തകത്തിലുള്ളത്. ‘വെങ്കയ്യാജി അച്ചടക്കമുള്ള വ്യക്തിയാണ്. പക്ഷേ നമ്മുടെ രാജ്യത്ത് അച്ചടക്കം ജനാധിപത്യവിരുദ്ധതയായി മുദ്രകുത്തപ്പെടാന്‍ എളുപ്പമാണ്.

ഒരാള്‍ അച്ചടക്കമുള്ളയാളാണെന്നു പറഞ്ഞാല്‍, അച്ചടക്കം ആവശ്യപ്പെട്ടാല്‍, അയാളെ ഏകാധിപതിയായി ബ്രാന്‍ഡ് ചെയ്യും. ഏറ്റെടുത്ത ജോലികളെല്ലാം പൂര്‍ണതയോടെ ചെയ്തു തീര്‍ക്കുന്ന വ്യക്തിയാണു വെങ്കയ്യ നായിഡു. 50 വര്‍ഷമായി അദ്ദേഹം പൊതുരംഗത്തുണ്ട്. ദീര്‍ഘവീക്ഷണമുള്ള നേതാവാണ് അദ്ദേഹമെന്നും മോദി പറഞ്ഞു.

ഉപരാഷ്ട്രപതി അദ്ദേഹത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ അനുഭവങ്ങളും നേട്ടങ്ങളും പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തില്‍ നിന്നും ഇനിയും മികച്ചത് വരാനുണ്ടെന്നും ചങ്ങില്‍ പങ്കെടുത്ത മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.