കാസർകോട് ‘ഒളിച്ചോട്ട’ത്തിൽ നാടകത്തെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത് കാമുകൻ; കോടതിയിലും നാടകീയ രംഗങ്ങൾ

single-img
2 September 2018

കാസർകോട് ചിറ്റാരിക്കൽ ‘ഒളിച്ചോട്ട നാടകത്തിൽ’ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ബൈക്ക് മെക്കാനിക്കായ കാസർകോട് വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു(22) മൂന്നു വയസുകാരനായ മകനെയുമാണ് വെള്ളിയാഴ്ച പത്തുമണിയോടെ തട്ടിക്കൊണ്ടുപോയെന്ന പരാതി ചിറ്റാരിക്കൽ പോലീസിന് കിട്ടുന്നത്. ഇവരെ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തിയതോടെയാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിന്റെ തിരക്കഥ പൊളിയുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

മനുവും മീനുവും പ്രണയിച്ച് വിവാഹിതരായവരാണ്. ചെറുപുഴയിലെ ഒരു സ്ഥാപനത്തിൽ ജോലിചെയ്യവെയാണ് ചെറുപുഴയിലെ ബിനു എന്ന യുവാവുമായി അടുപ്പത്തിലാകുന്നത്. ചാറ്റിങിലൂടെ തുടങ്ങിയ ബന്ധം പെട്ടെന്ന് വളർന്നു. ഇരുവരും തമ്മിൽ പലയിടങ്ങളിലും വച്ച് രഹസ്യമായി കൂടിക്കാഴ്ച നടത്തി.

വീട്ടിൽ ആരുമില്ലാത്തപ്പോൾ മീനു ബിനുവിനെ വെള്ളടുക്കത്തെയ്ക്കു വിളിച്ചു വരുത്തിയിരുന്നു. തന്നോടൊപ്പം ജീവിക്കാൻ തയ്യാറാകണമെന്ന് ബിനു മീനുവിനോട് ഏതാനും ആഴ്ചകൾ മുമ്പ് ആവശ്യപ്പെട്ടു. ആദ്യമെല്ലാം ഇതു നിഷേധിച്ചെങ്കിലും കാമുകൻ ആത്മഹത്യഭീഷണിയുമായി രംഗത്തു വന്നതോടെ വഴങ്ങുകയായിരുന്നെന്ന് മീനു പറയുന്നു.

മൂന്നുവയസുകാരൻ മകനേയും ഒപ്പം കൂട്ടണമെന്ന ആവശ്യം ബിനു അംഗികരിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. ഭർത്താവിനേയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാനുള്ള തട്ടിക്കൊണ്ടുപോകൽ നാടകത്തിന്റെ തിരക്കഥ തയ്യാറാക്കിയതും കാമുകൻ തന്നെ.

മൂന്നു വയസ്സുള്ള കുഞ്ഞുമായി ഒളിച്ചോടിയെന്ന പേരുദോഷം മായ്ക്കാനാണ് തട്ടിക്കൊണ്ടുപോകൽ എന്ന മാർഗം സ്വീകരിച്ചത്. വീട്ടിനുള്ളിൽ പിടിവലി നടന്നുവെന്ന് കാണിക്കാൻ വസ്ത്രങ്ങളും ഭക്ഷണവുമെല്ലാം തറയിൽ വാരിവലിച്ചിട്ടതും മീനുതന്നെയാണ്.

വീട്ടിലെത്തിയ ആക്രിക്കച്ചവടക്കാരാണ് തന്നെ ആക്രമിച്ചതെന്നു മീനു ഭർത്താവ് മനുവിനെ ഫോണിൽ വിളിച്ചുപറഞ്ഞതും തുടർന്ന് മനുവിന്റെ ഫോണിലേക്ക് കഴുത്തിനു മുറിവേറ്റ് ചോര വാർന്നൊഴുകുന്ന മീനുവിന്റെ ചിത്രം പ്രചരിച്ചതുമെല്ലാം നാട്ടുകാരെയും ബന്ധുക്കളെയും ആശങ്കയിലാക്കി.

മുറിയിൽ പിടിവലിനടന്നതായി കാണിക്കാൻ വലിയൊരു വിറകുമുട്ടിയും സമീപം ചോരക്കറയുടെ സാമ്യമുള്ള ചുവന്ന പാടുകളുമുണ്ടായിരുന്നു. എന്നാൽ മുറിയിൽ കണ്ടെത്തിയ ചുവന്ന പാടുകളും യുവതിയുടെ കഴുത്തിലുള്ള മുറിവും കൃത്രിമമായിരുന്നുവെന്നും പൊലീസ് പ്രാഥമികാന്വേഷണത്തിൽത്തന്നെ കണ്ടെത്തി.

ചോരപ്പാടുകൾ കാണിക്കാൻ കുങ്കുമം വെള്ളത്തിൽ കലക്കി വീട്ടിലെ മുറിക്കുള്ളിൽ തളിച്ച മീനു തന്റെ കഴുത്തിലും കുങ്കുമംകൊണ്ടുള്ള മുറിപ്പാട് സൃഷ്ടിക്കുകയായിരുന്നു. മുറിവേറ്റ മീനുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത് പൊലീസിനെ ഏറെനേരം ചുറ്റിക്കുകയും ചെയ്തു.

കണ്ണൂരിൽനിന്നു ഡോഗ്‌സ്‌ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് വീട്ടിനുള്ളിലെ ചുവന്ന പാടുകൾ രക്തമല്ലെന്നു സ്ഥിരീകരിച്ചത്. ഫോട്ടോയിലെ തട്ടിപ്പും പുറത്തായതോടെ പൊലീസ് മീനുവിനായുള്ള അന്വേഷണം ഊർജിതമാക്കുകയായിരുന്നു.

തുടർന്ന് ഇവരെ കോഴിക്കോട്ടുനിന്നു കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭർത്താവിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് മീനു അറിയിച്ചെങ്കിലും സ്വീകരിക്കാൻ മനുവും ബന്ധുക്കളും തയ്യാറായില്ല. ഇതോടെ മീനുവിനെ കാഞ്ഞങ്ങാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് ഹാജരാക്കി.

ഭർത്താവിനൊപ്പം പോകണമെന്ന നിലപാട് മീനു ആവർത്തിച്ചു. എന്നാൽ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് കുടുംബം അറിയിച്ചു. കാമുകനൊപ്പം ജീവിക്കാനില്ലെന്നു മീനു ഉറപ്പിച്ചതോടെ വീട്ടമ്മയേയും, കുട്ടിയേയും മഹിളമന്ദിരത്തിൽ പാർപ്പിക്കാൻ കോടതി ഉത്തരവിട്ടു.