ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ മത്സരിക്കും; സ്ഥാനാര്‍ത്ഥിയാകുന്നത് സിപിഐ ചിഹ്നത്തില്‍

single-img
2 September 2018

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ മുന്‍ നേതാവ് കനയ്യകുമാര്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ബിഹാറിലെ ബേഗുസാരായില്‍നിന്നാവും കനയ്യ സിപിഐ സീറ്റില്‍ മത്സരിക്കുക. ഇതു സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ധാരണയായതായാണു സൂചന.

ബിജെപി സിറ്റിംഗ് സിറ്റാണ് ബേഗുസാര. ആര്‍ജെഡി, കോണ്‍ഗ്രസ്, എന്‍സിപി, എച്ച്എഎം(എസ്), ലോക്താന്ത്രിക് ജനതാദള്‍, ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ അടങ്ങിയ മഹാസഖ്യത്തിന്റെ നോമിനി ആയിട്ടാണ് കനയ്യ കുമാര്‍ മത്സരിക്കുന്നത്. ഡല്‍ഹിയിലെയും ബിഹാറിലെയും ഇടത് നേതാക്കള്‍ക്കു കനയ്യ മത്സരിക്കുന്നതിനോടു താത്പര്യമാണെന്ന് സിപിഐ ബിഹാര്‍ ജനറല്‍ സെക്രട്ടറി സത്യനാരായണ്‍ സിംഗ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയില്‍ എത്തിയെന്നും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനു പോലും കനയ്യകുമാര്‍ മത്സരിക്കുന്നതിനോടു താത്പര്യമുണ്ടെന്നും സത്യനാരായണ്‍ സിംഗ് പറഞ്ഞു. ബിജെപിയുടെ ബൊഹഌ സിങാണ് നിലവില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

2014ലാണ് ബിജെപി ആദ്യമായി ഈ സിറ്റില്‍നിന്ന് വിജയിക്കുന്നത്. ആര്‍ജെഡിയുടെ തന്‍വീര്‍ ഹസനെ 58,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. ഇതേ മത്സരത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി ഏതാണ്ട് 192,000 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.

ബെഗുസാരായി ജില്ലയിലെ ബിഹാത്ത് പഞ്ചായത്താണ് കനയ്യ കുമാറിന്റെ സ്വഭവനം. ബെഗുസാരായിലെ അംഗനവാടി സേവികയാണ് കനയ്യയുടെ മാതാവ് മീനാ ദേവി. പിതാവ് ജയശങ്കര്‍ സിങ് ഇവിടെ തന്നെ ചെറുകിട കര്‍ഷകനാണ്.