തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നു; വെളിപ്പെടുത്തലുമായി സുപ്രീംകോടതി ജഡ്ജി

single-img
2 September 2018

ന്യൂഡല്‍ഹി: തന്നെ സ്വാധീനിക്കാനായി ശ്രമം നടന്നതായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെ വെളപ്പെടുത്തല്‍. ഹോട്ടല്‍ റോയല്‍ പ്ലാസയുമായി ബന്ധപ്പെട്ട കേസിലാണ് തന്നെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചതെന്ന് ഓപ്പണ്‍ കോടതിയില്‍ ജസ്റ്റിസ് വ്യക്തമാക്കി.

ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്ന ബെഞ്ച് ഓഗസ്റ്റ് 30ന് കോടതിയില്‍ കേസ് കേള്‍ക്കവെയാണ് ഇന്ദിരാ ബാനര്‍ജി ഇക്കാര്യം വെളിപ്പെടുത്തിയത്. ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമം കോടതിയെ അപമാനിക്കുന്നതാണെന്ന് ജസ്റ്റീസ് മിശ്ര പറഞ്ഞു.

എന്നാല്‍ ഇക്കാര്യം മറ്റുള്ളവരും ഉപയോഗിക്കുമെന്നതിനാല്‍ കേസ് കേള്‍ക്കുന്നതില്‍നിന്നു പിന്‍മാറരുതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ആവശ്യപ്പെട്ടു. കോടതിയെ സ്വാധീനിക്കുന്ന ഏതൊരു ശ്രമവും ഗൗരവതരമായി കാണപ്പെടുമെന്ന് ജസ്റ്റീസ് ഇന്ദിരാ ബാനര്‍ജി മുന്നറിയിപ്പ് നല്‍കി.

ഫോണിലൂടെയാണു ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നതെന്നാണു സൂചന. ആരാണു ഫോണ്‍ ചെയ്തതെന്നോ എന്തായിരുന്നു വാഗ്ദാനമെന്നോ ജഡ്ജി വെളിപ്പെടുത്തിയില്ല. കേസ് വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവച്ചു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് ഇന്ദിരാ ബാനര്‍ജി അടുത്തിടെയാണ് സുപ്രീംകോടതി ജഡ്ജിയായത്.