അമേരിക്കയിലിരുന്ന് മുഖ്യമന്ത്രി കേരളം ഭരിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍

single-img
2 September 2018

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നു മന്ത്രി ഇ.പി ജയരാജന്‍. സംസ്ഥാനത്തെ ഭരണരംഗം ഇതുവരെ എങ്ങനെയാണോ അതുപോലെതന്നെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ വിദേശയാത്രയില്‍ മാറ്റമില്ലെന്നും മന്ത്രിമാര്‍ നേരിട്ടുപോയാല്‍ വിദേശത്തുനിന്നു കേരളത്തിന് പ്രളയ ദുരിതാശ്വാസം നടത്തുന്നതിനു കൂടുതല്‍ സഹായം ലഭിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പോയത് വൈദ്യ പരിശോധനക്കാണ്. അത് പൂര്‍ത്തിയാകുന്ന പക്ഷം മടങ്ങി വരും. എപ്പോഴാണെന്നത് പരിശോധന കഴിഞ്ഞാലെ പറയാന്‍ കഴിയൂ. മന്ത്രിസഭായോഗമുള്‍പ്പടെ എല്ലാ സംവിധാനങ്ങളും കൃത്യമായി നടന്ന് പോകും. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ആര് അദ്ധ്യക്ഷത വഹിക്കും എന്ന കാര്യം മന്ത്രിസഭാ യോഗം കഴിയുമ്പോള്‍ മനസ്സിലാകുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചേദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

പ്രത്യേകിച്ച് ഒരാള്‍ക്കും ചുമതല നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. ആ പ്രവര്‍ത്തനങ്ങള്‍ മാറ്റമില്ലാതെ തുടരും. എലിപ്പനി പടരുന്നത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. വലിയ ജാഗ്രത ഇക്കാര്യത്തില്‍ കാണിക്കണമെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.