മുഖ്യമന്ത്രി ചികിത്സയ്ക്കായി യു.എസിലേക്ക് പോയി; മന്ത്രിസഭായോഗത്തില്‍ ജയരാജന്‍ അധ്യക്ഷത വഹിക്കും

single-img
2 September 2018

തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. ഇന്ന് പുലര്‍ച്ചെ 4.40നുള്ള വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചത്. ഭാര്യ കമലവിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയെ യാത്ര അയയ്ക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

അമേരിക്കയിലെ മിനസോട്ടയിലുള്ള മയോക്‌ളിനിക്കില്‍ അദ്ദേഹം പരിശോധനകള്‍ക്ക് വിധേയനാവും. 17 ദിവസമാണ് അമേരിക്കയില്‍ അദ്ദേഹം ചികിത്സയ്ക്ക് വിധേയനാകുക. വിവിധ അസുഖങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന ചികിത്സാ ഗവേഷണ സ്ഥാപനമാണ് മയോക്‌ളിനിക്.

മുഖ്യമന്ത്രിയുടെ ചികിത്സാ ചെലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ആഗസ്റ്റ് 19നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാനിരുന്നത്. എന്നാല്‍ സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് ചികിത്സ മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടിരുന്നു. യാത്രസംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിക്കാനായിരുന്നു ഇത്.

മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ അടുത്തയാഴ്ച മന്ത്രിസഭായോഗം ചേരുമ്പോള്‍ അധ്യക്ഷത വഹിക്കാന്‍ മന്ത്രി ഇ.പി.ജയരാജനെ ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ചികിത്സയിലായിരിക്കുമെങ്കിലും ഇഫയല്‍ സംവിധാനം ഉപയോഗപ്പെടുത്തി ഫയലുകള്‍ മുഖ്യമന്ത്രിതന്നെ തീര്‍പ്പാക്കാനാണ് ആലോചന.

സെപ്റ്റംബര്‍ 17ന് മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞു മടങ്ങിയെത്തും. ദുരിതാശ്വാസഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ അതത് ജില്ലകളില്‍ ആയിരിക്കുമെന്നതിനാല്‍ 11നു തുടങ്ങുന്ന ആഴ്ചയില്‍ മന്ത്രിസഭായോഗം ചേരാനിടയില്ല. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും പ്രളയബാധിതരുടെ പുനരധിവാസത്തിനുമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.