പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം, എല്ലാവരും പ്രതിരോധ ഗുളിക നിര്‍ബന്ധമായും കഴിച്ചിരിക്കണമെന്ന് ആരോഗ്യമന്ത്രി

single-img
1 September 2018

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എലിപ്പനി പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ച് വരുന്നതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, കോഴിക്കോട് ,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് എലിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രളയബാധിത മേഖലയിലുള്ളവരും ഏതെങ്കിലും വിധത്തില്‍ ഈ മേഖലകളോടു ബന്ധപ്പെട്ടവരും കടുത്ത ജാഗ്രത പുലര്‍ത്തണം.

എലിപ്പനി പടരാതിരിക്കുന്നതിന് ജനങ്ങള്‍ പ്രതിരോധ ഗുളിക നിര്‍ബന്ധമായും കഴിക്കണം. എലിപ്പനിയുടെ ലക്ഷണങ്ങളുമായി വരുന്ന രോഗികള്‍ക്ക് പരിശോധിച്ച് എലിപ്പനിയാണെന്ന് സ്ഥിരീകരിക്കാന്‍ കാത്തുനില്‍ക്കാതെ ഡോക്സിസൈക്ലിന്‍ ഗുളിക നല്‍കാന്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

്അതേസമയം എലിപ്പനി ബാധയെ കുറിച്ച് ഭീതി വേണ്ടെന്നും മന്ത്രി അറിയിച്ചു. എല്ലാ വര്‍ഷവും സംസ്ഥാനത്ത് എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. പ്രളയത്തിന് മുമ്പും ഇതുണ്ടായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.