നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ലോകവ്യാപാര സംഘടനയില്‍ നിന്ന് പിന്മാറും: ഭീഷണിയുമായി ട്രംപ്

single-img
31 August 2018

ലോക വ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. തങ്ങളോടുള്ള സംഘടനയുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പിന്മാറുമെന്നാണ് ഒരു വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കിയത്.

ലോക വ്യാപാര സംഘടന തങ്ങളുടെ താത്പര്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും, ആഗോള വിപണിയില്‍ യുഎസിന് വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്നുമാണ് ട്രംപിന്റെ വാദം. അമേരിക്കയ്‌ക്കെതിരെ ഈ നിലപാട് തുടരുകയാണെങ്കില്‍ സംഘടനയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ആഗോള വ്യാപാര സംവിധാനത്തിന്റെ നെടുംതൂണുകളിലൊന്നായ ഡബ്ല്യുടിഒ രൂപീകരിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച രാജ്യമാണ് യുഎസ്. അമേരിക്ക സംഘടനയില്‍നിന്ന് പിന്മാറിയാല്‍ ലോക വ്യാപാര ക്രമത്തിന്റെ ഘടനയില്‍ വലിയ മാറ്റത്തിനു വഴിതുറക്കും. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സംഘടനയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ എന്തു നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.