വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി

single-img
31 August 2018

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് വിദേശസഹായം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിക്കണമെന്നാവശ്യപ്പെടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

ഇതുസംബന്ധിച്ച ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. ഹര്‍ജി വിശദമായി പഠിച്ചുവെന്നും എങ്ങനെയാണ് സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു.

അതേസമയം, കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതു പരിഗണിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ ഇത്തരത്തില്‍ പ്രയോജനപ്പെടുത്തും. പ്രധാനമന്ത്രി ആവാസ് യോജന വഴി ആവശ്യപ്പെടുന്നയത്ര വീടുകള്‍ അനുവദിക്കുമെന്നും കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമര്‍ അറിയിച്ചു.

പ്രളയ ദുരിതവുമായി ബന്ധപ്പെട്ടു കേരളത്തിലെ എംപിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിനു വിദേശ സഹായം ലഭ്യമാക്കുന്നതിനു തടസ്സങ്ങള്‍ നീക്കണമെന്നു വിവിധ മന്ത്രിമാരോട് ആവശ്യപ്പെട്ടെന്നും പ്രധാനമന്ത്രിയെ ഉള്‍പ്പടെ കാണാന്‍ ശ്രമിക്കുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.