സഞ്ജു സാംസണടക്കം 13 രഞ്ജി താരങ്ങള്‍ക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൂട്ടനടപടി; അഞ്ച് താരങ്ങള്‍ക്ക് വിലക്ക്

single-img
31 August 2018

കൊച്ചി: കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ കത്ത് നല്‍കിയ വിഷയത്തില്‍ നടപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ടീമിനുള്ളില്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെ.സി.എ താരങ്ങള്‍ക്കെതിരെ നടപടിയെടുത്തത്.

അഞ്ച് താരങ്ങളെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കും. അതോടൊപ്പം സഞ്ജു വി സാംസണടക്കമുള്ള താരങ്ങള്‍ക്ക് പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളിലെ മാച്ച് ഫീയാണ് പിഴ. ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കണമെന്നും കെ.സി.എ നിര്‍ദേശിച്ചിട്ടുണ്ട്.

ക്യാപ്റ്റനെ മാറ്റണമെന്നാവശ്യപ്പെട്ടു കത്തെഴുതിയ 13 കളിക്കാര്‍ക്കും കെസിഎ വിശദീകരണം ആവശ്യപ്പെട്ടു നോട്ടിസ് നല്‍കിയിരുന്നു. ക്യാപ്റ്റനെതിരെ ഗൂഢാലോചന നടത്തി ടീമില്‍ അന്തഛിദ്രം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും കേരള ക്രിക്കറ്റിന് മാനക്കേട് വരുത്തിയെന്നും ആരോപിച്ചായിരുന്നു ഇത്.

10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനായിരുന്നു നിര്‍ദ്ദേശം. പിന്നീട് ഇവരെ വിളിച്ചുവരുത്തി തെളിവെടുപ്പും നടത്തി. ഇതിനു പുറമേ ബെംഗളൂരുവില്‍ നടന്ന കെഎസ് സിഎ ട്രോഫി ടൂര്‍ണമെന്റിനിടെ ടീം മാനേജ്‌മെന്റിനെ അറിയിക്കാതെ ഹോട്ടല്‍വിട്ടു രണ്ടു ദിവസം മംഗലാപുരത്തേക്കു പോയ സംഭവത്തില്‍ സഞ്ജു സാംസണ്‍, മുഹമ്മദ് അസ്ഹറുദീന്‍, സല്‍മാന്‍ നിസാര്‍, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ക്കു വേറെയും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.

സച്ചിന്‍ ബേബിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ടീമിലെ 13 കളിക്കാര്‍ കേരള ക്രിക്കറ്റ് അസോസിയേഷനു കത്തു നല്‍കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. കേരള ടീം സച്ചിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ കെഎസ്‌സിഎ കപ്പ് ടൂര്‍ണമെന്റ് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കത്തിന്റെ വിവരം പുറത്തായത്. സച്ചിന്‍ സ്വാര്‍ഥനും അഹങ്കാരിയുമാണെന്നും ടീം അംഗങ്ങളോട് അധികാര സ്വരത്തില്‍ മോശമായി പെരുമാറുന്നുവെന്നുമായിരുന്നു കളിക്കാരുടെ ആരോപണം.

‘ടീം വിജയിക്കുമ്പോള്‍ അത് തന്റെ നേട്ടമായി മാറ്റുന്ന സച്ചിന്‍ പരാജയപ്പെടുമ്പോള്‍ കുറ്റമെല്ലാം സഹ കളിക്കാരുടെ മേല്‍ ചാരുന്നു. എല്ലാ കളിക്കാരോടും മോശമായാണു സംസാരിക്കുന്നത്. കളിക്കാരെല്ലാം അസ്വസ്ഥരും മുറിവേറ്റവരുമാണ്. ഇതുമൂലം കളിയില്‍ ശ്രദ്ധിക്കാനും കഴിയുന്നില്ല. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനില്‍ നിന്നുണ്ടായ ഇത്തരം മോശം പെരുമാറ്റംകൊണ്ടു മാത്രമാണ് ടീമിലെ മികച്ച ചില കളിക്കാര്‍ ഇത്തവണ മറ്റു സംസ്ഥാനങ്ങള്‍ക്കായി കളിക്കാന്‍ കേരളം വിട്ടത്. ടീമിന്റെ ഉത്തമ താല്‍പര്യത്തിനായി ഈ സീസണില്‍ പ്രഫഷണലായി നയിക്കാന്‍ കഴിയുന്ന പുതിയ ക്യാപ്റ്റന്‍ വരണമെന്നാണു ടീം അംഗങ്ങളുടെയെല്ലാം താല്‍പര്യം ‘ കത്തില്‍ പറഞ്ഞിരുന്നു.