‘അവര്‍ മോദി ഭരണം ഇല്ലാതാക്കാന്‍ ശ്രമിച്ചു’; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് മഹാരാഷ്ട്ര പൊലീസ്

single-img
31 August 2018

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് മഹാരാഷ്ട്ര പൊലീസ്. അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് എഡിജിപി പരംബിര്‍ സിങ് പറഞ്ഞു. അറസ്റ്റിലായവര്‍ക്കെല്ലാം മാവോയിസ്റ്റുകളുമായി ബന്ധമുണ്ട്. കത്തുകളും സംഭാഷണങ്ങളും ഇതിനു തെളിവാണ്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇവര്‍ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി.

മാവോയിസ്റ്റുകളുമായി ഇവര്‍ അടുത്തിടപഴകി പ്രവര്‍ത്തിച്ചിരുന്നു. അവര്‍ക്ക് വേണ്ട ആയുധങ്ങളും ഗ്രനേഡുകളും മറ്റും അറസ്റ്റിലായവര്‍ എത്തിച്ചുനല്‍കിയിരുന്നു. വ്യക്തമായ രേഖകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും പരം ബിര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യധാരയില്‍ പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ പിന്നണിയില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു ഇവരെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെടുത്തിയാണ് അഞ്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ ചൊവ്വാഴ്ച പുണെ പോലീസ് അറസ്റ്റ് ചെയ്തത്.

തെലുഗു കവിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരാവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരാണ് അറസ്റ്റിലായത്.